ചെന്നൈ: തമിഴ്നാട്ടില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും ഒരുമിച്ച് മല്‍സരിക്കും. ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം അറിയിച്ചത്. സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമാണ് ധാരണയായിട്ടുള്ളതെന്നും സീറ്റ് വിഭജന ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നും ഡിഎംകെ ട്രഷറര്‍ എം.കെ സ്റ്റാലിന് പ്രതികരിച്ചു.
ഡിഎംഡികെ ഉള്‍പ്പെടെയുള്ള മതനിരപേക്ഷ പാര്‍ട്ടികളെ സഖ്യത്തിലേക്ക് ക്ഷണിക്കുമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.വി.കെ.എസ് ഇളങ്കോവന് പറഞ്ഞു. ആസാദിനൊപ്പം തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, ഇ.വി.കെ.എസ് ഇളങ്കോവന് എന്നിവരാണ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയത്.
സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയായിരുന്ന എ.രാജ, കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി എന്നിവര്‍ ജയിലിലായതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ വിള്ളലുണ്ടായത്. 2013-ല്‍ ഡിഎം.കെ യുപിഎ സഖ്യം വിടുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് സംസ്ഥാനത്ത് മല്‍സരിച്ചത്.
Post Your Comments