ന്യൂഡല്‍ഹി : അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആഘോഷിക്കാനുള്ള ജെ.എന്‍.യു കാമ്പസിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ നീക്കത്തിനെതിരെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കാമ്പസില്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഇതിനെ ശക്തമായി തന്നെ എതിര്‍ക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ദേശവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയും ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും വൈവിധ്യത്തേയും ചോദ്യം ചെയ്യുന്നവര്‍ക്ക് മാപ്പുനല്‍കുകയില്ലെന്നും രാജ്‌നാഥ് സിങ് തുറന്നടിച്ചു.
ജെ.എന്‍.യുവില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ദല്‍ഹി പോലീസ് കമ്മീഷണറോട് വിഷയത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ദേശവിരുദ്ധ പ്രസ്താനകള്‍ നടത്തുന്നവര്‍ക്ക് മാപ്പ് നല്‍കില്ല. നിങ്ങള്‍ ഇന്ത്യയില്‍ കഴിയുന്നിടത്തോളം കാലം ദേശവിരുദ്ധമായ പ്രസ്താവനകള്‍ നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.
അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറായ വിദ്യാര്‍ത്ഥികള്‍ക്ക്‌തെിരെ ദല്‍ഹി പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബി.ജെ.പി എം.പി മഹേഷ് ഗിരിയുടേയും എ.ബി.വി.പിയുടേയും പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയനില്‍ (ഡി.എസ്.യു.) ഉണ്ടായിരുന്ന വിദ്യാര്‍ഥികളാണ് അഫ്‌സല്‍ ഗുരുവുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരുന്നു. സാബര്‍മതി ദാബയുടെ സമീപത്തായിരുന്നു ചടങ്ങ്. ഇത് നടത്താന്‍ സര്‍വകലാശാല അധികൃതര്‍ ആദ്യം അനുമതിനല്‍കിയിരുന്നു. എന്നാല്‍, എ.ബി.വി.പി. പരാതിനല്‍കിയതിനെത്തുടര്‍ന്ന് പിന്‍വലിച്ചു.
Post Your Comments