NewsIndia

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും കോടതിയില്‍ ഹാജരാകേണ്ട:സുപ്രീം കോടതി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും എല്ലാഘട്ടത്തിലും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് സുപ്രിംകോടതി. എന്നാല്‍ വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി.

സോണിയയും രാഹുലും കോടതിയില്‍ ഹാജരാകുന്നത് കോടതിയുടെ സ്വാഭാവിക പ്രവര്‍ത്തനത്തിന് പോലും അസൗകര്യങ്ങള്‍ സൃഷ്ടിക്കും. ഇവര്‍ നേരിട്ട് ഹാജരാകാതിരിക്കുന്നതാണ് കോടതിയുടെ പ്രവര്‍ത്തനത്തിന് നല്ലത്. ഇരുവരും ഒളിച്ചോടുന്നവരാണെന്ന് കരുതേണ്ടതില്ലെന്നും അതുകൊണ്ടുതന്നെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുമ്പോഴെല്ലാം ഇരുവരും ഹാജരാകണമെന്നായിരുന്നു ഡല്‍ഹിയിലെ വിചാരണ കോടതി നേരത്തെ ഉത്തരവിട്ടത്. ഫെബ്രുവരി 20നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഓരോ തവണ പരിഗണിക്കുമ്പോഴും നേരിട്ട് ഹാജരാകേണ്ടിവരുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ഇത് കോടതി അംഗീകരിച്ചു. എന്നാല്‍ വിചാരണ റദ്ദാക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഡിസംബര്‍ 19ന് ഇരുവരും വിചാരണാ കോടതിയായ പട്യാലാ ഹൗസ് കോടതിയില്‍ ഹാജരായിരുന്നു.

ബിജെപി രാഷ്ട്രീയമായി വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഈ കേസ് എന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡ് ഓഹരി കൈമാറ്റത്തില്‍ സോണിയ്ക്കും രാഹുലിനുമെതിരെ കേസ് നല്‍കിയത്

shortlink

Post Your Comments


Back to top button