തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച ശിവകുമാര്‍ കെ.(35)യുടെ ഹൃദയം എടുക്കാനായി ചെന്നൈ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും വേണ്ടത്ര പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ ഹൃദയമെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ ശിവകുമാറിന്റെ വൃക്കകള്‍ എടുത്തു. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള സുധീര്‍ കെ. (33) പഴകുറ്റി, നെടുമങ്ങാട്, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ദേവിക (22) പത്തനാപുരം, കൊല്ലം എന്നിവര്‍ക്കാണ് ശിവകുമാറിന്റെ വൃക്കകള്‍ നല്‍കുന്നത്.
ആറ്റുകാലില്‍ വച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഒന്‍പതാം തീയതിയാണ് തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവില്‍ റോഡ്, ടി.സി. 25/145 ലെ താമസക്കാരനായ ശിവകുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനൊന്നാം തീയതി രാത്രി ഒരു മണിക്ക് ശിവകുമാറിന് മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്ന് മൃതസഞ്ജീവനിയിലെ ഉദ്യോഗസ്ഥര്‍ ശിവകുമാറിന്റെ ബന്ധുക്കളോട് അവയവദാന സാധ്യതകളെക്കുറിച്ച് അറിയിച്ചു. തന്റെ അനുജന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് പറഞ്ഞ് ജേഷ്ഠനായ വൈദ്യനാഥന്‍ എല്ലാ അവയവങ്ങളും ദാനം ചെയ്യാനുള്ള പൂര്‍ണ സമ്മതം നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്ന് ശിവകുമാറിന്റെ അവയവങ്ങള്‍ കേടാവാതിരിക്കാനുള്ള തീവ്രപരിചരണ നടപടികള്‍ എടുത്തു. ഹൃദയം, വൃക്കകള്‍ എന്നിവ പ്രവര്‍ത്തനക്ഷമമായതിനാല്‍ അവ എടുക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള മൃതസഞ്ജീവനിയില്‍ ഹൃദയം മാറ്റിവയ്ക്കലിനായി ഒ ഗ്രൂപ്പില്‍ 5 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്കാര്‍ക്കും തന്നെ ശിവകുമാറിന്റെ ഹൃദയം യോജിക്കാത്തതിനാല്‍ തമിഴ്‌നാട് സര്‍ക്കാരിന് കീഴിലുള്ള ട്രാന്‍സ്റ്റാന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടിനെ വിവരം അറിയിച്ചു. അങ്ങനെയാണ് ചെന്നൈയിലെ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റിയിലെ രോഗിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയത്.
കാര്‍ഡിയോ തൊറാസിക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബാലസുബ്രമണി, ഇന്‍വസ്റ്റിഗേഷന്‍ കാര്‍ഡിയോളജിസ്റ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബി. നാഗമണി എന്നിവരാണ് ചെന്നൈ ഗ്ലോബല്‍ സിറ്റിയില്‍ നിന്നെത്തിയത്. ആദ്യ പരിശോധനയില്‍ ഹൃദയം പ്രവര്‍ത്തനക്ഷമമായിരുന്നെങ്കിലും ശസ്ത്രക്രിയ ചെയ്ത് ഹൃദയം പരിശോധിച്ചപ്പോഴാണ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമല്ലെന്ന് മനസിലായത്.
സിവില്‍ ട്രാഫ്റ്റ്മാനായിരുന്ന ശിവകുമാര്‍ തമിഴ് ബ്രാഹ്മണ കുടുംബാംഗമാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തെക്കാട് പോലീസ് ട്രെയിനിംഗ് കോളേജിന് സമീപമുള്ള ജേഷ്ഠനായ വൈദ്യനാഥന്റെ വീട്ടിലേക്ക് കൊണ്ടു പോയശേഷം മൃതദേഹം സംസ്‌കരിക്കും.
Post Your Comments