India

വെല്ലൂരിലെ ബസ് ഡ്രൈവറുടെ മരണം ഉല്‍ക്ക വീണല്ലെന്ന് നാസ

ചെന്നൈ: വെല്ലൂര്‍ ഭാരതീദാസന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ ബസ് ഡ്രൈവര്‍ മരിച്ചത് ഉല്‍ക്ക വീണല്ലെന്ന് നാസയുടെ സ്ഥിരീകരണം. മറ്റെന്തെങ്കിലും സ്‌ഫോടനം മൂലമാകാം ഇതു സംഭവിച്ചതെന്നും, സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും നാസ വ്യക്തമാക്കി. വെല്ലൂരിലെ ഭാരതീദാസന്‍ എഞ്ചിനീയറിംഗ് കോളേജിലുണ്ടായ പൊട്ടിത്തെറിയില്‍ ബസ് ഡ്രൈവര്‍ കാമരാജ് കൊല്ലപ്പെട്ടതിനു പുറമെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആകാശത്തു നിന്ന് പതിച്ച വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ നാസ നടത്തിയ പഠനത്തില്‍ ഇത് ഉല്‍ക്കയുടെ ഭാഗമല്ലെന്ന് കണ്ടെത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ടടിയോളം ആഴത്തില്‍ കുഴി രൂപപ്പെട്ടിരുന്നു. സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.

ബോംബ് സ്‌ക്വാഡും പോലീസും നേരത്തെ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് സ്‌ഫോടന വസ്തുക്കളൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് വസ്തു ഉല്‍ക്കയുടെ ഭാഗമാണെന്ന നിഗമനത്തിലെത്തിയത്.

2 സെ.മീ വീതിയും 50 ഗ്രാം തൂക്കവുമുള്ള ബ്രൗണ്‍ നിറമുള്ള വസ്തുവിന്റെ പ്രതലത്തില്‍ ഉല്‍ക്കയില്‍ കാണാറുള്ളതു പോലുള്ള കുമിളകള്‍ ഉണ്ടായിരുന്നു. കോളേജില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഒരിടത്തും കഴിഞ്ഞമാസം 26ന് ഉല്‍ക്ക പോലെ എന്തോ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button