NewsIndia

ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു

ന്യൂഡല്‍ഹി : സിയാചിനിലെ മഞ്ഞുപാളിക്കടിയില്‍ ആറുനാള്‍ മരണത്തോട് പൊരുതിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ആറ് ദിവസം മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍ കിടന്ന ഹനുമന്തപ്പയെ സൈന്യം നടത്തിയ തിരച്ചിലിനിടെ അത്ഭുതകരമായി ജീവനോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്ന ഹനുമന്തപ്പ ഉച്ചയ്ക്ക് 11.45 ഓടെയാണ് ജീവന്‍ വെടിഞ്ഞത്.

അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതേതുടര്‍ന്ന് കോമ അവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനു പുറമേ ന്യൂമോണിയ ബാധയും കൂടി പിടിപെട്ടതോടെയാണ് മരണം സംഭവിച്ചത്.

ഹനുമന്തപ്പയുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരസേന മേധാവി ധല്‍വീര്‍ സിംഗ് സുഹാഗും ആശുപത്രിയില്‍ എത്തി രാജ്യത്തിന്റെ അഭിമാനമായ സൈനികനെ സന്ദര്‍ശിച്ചിരുന്നു. ധീര സൈനികന്റെ തിരിച്ചുവരവിനായി രാജ്യം ഏകമനസ്സോടെ പ്രാര്‍ഥനയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button