NewsIndia

ഹനുമന്തപ്പയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ന്യൂഡല്‍ഹി : സിയാചിനിലെ മഞ്ഞുപാളിക്കടിയില്‍ ആറുനാള്‍ മരണത്തോട് പൊരുതി രക്ഷപ്പെട്ട ലാന്‍സ് നായിക് ഹനുമന്തപ്പയുടെ നില അതീവഗുരുതരമായി തുടരുന്നു. ഹനുമന്തപ്പയുടെ നില കൂടുതല്‍ വഷളായി തുടരുകയാണെന്ന് ഡല്‍ഹി ആര്‍മി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ധീര സൈനികന്റെ തിരിച്ചുവരവിനായി രാജ്യം ഏകമനസ്സോടെ പ്രാര്‍ഥനയിലാണ്.

ആറു ദിവസം മൈനസ് 45 ഡിഗ്രി സെല്‍ഷ്യസ് കൊടുംതണുപ്പില്‍ കഴിയേണ്ടി വന്ന സൈനികന്‍ ‘കോമ’ അവസ്ഥയിലാണ്. ഇദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ചൊവ്വാഴ്ച ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൈനികന് സാധ്യമായ എല്ലാ ചികിത്സകളും നല്‍കുന്നുണ്ടെന്നും എന്നാല്‍, ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സൈനികന്റെ വൃക്കകളും കരളും തകരാറിലാണ്. രക്തസമ്മര്‍ദം താഴ്ന്ന നിലയിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ബുധനാഴ്ച ആര്‍മി ആശുപത്രിയിലെത്തി ഹനുമന്തപ്പയുടെ ചികിത്സാ വിവരങ്ങള്‍ ആരാഞ്ഞു. സൈനികനു വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ പ്രാര്‍ഥനയും ഐക്യദാര്‍ഢ്യ സന്ദേശങ്ങളും പ്രവഹിക്കുകയാണ്. സൈനികനെ രക്ഷിക്കാന്‍ വൃക്കയും കരളും ദാനം ചെയ്യാന്‍ തയാറായി നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button