കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടേയും മന്ത്രി കെ. പി മോഹനന്റേയും സമ്മര്‍ദത്തിനു വഴങ്ങി യു ഡി എഫില്‍ തുടരാന്‍ ജനതാദള്‍-യു സംസ്ഥാന പ്രസിഡന്റ് എം. പി വീരേന്ദ്രകുമാര്‍ നിലപാടെടുത്തേക്കും. രാജ്യസഭാ സീറ്റ് സ്വീകരിച്ച് മുന്നണിയില്‍ തുടരാനാണ് ഇപ്പോഴത്തെ ആലോചന. പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ചേക്കാവുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം രണ്ടാമതും മാറ്റിവെച്ചത് ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന.
മുന്നണിയില്‍ തുടരാമെന്നും പുറത്തുപോകാമെന്നുമുള്ള രണ്ട് അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കകത്തു നിന്നും ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നത്. എന്നാല്‍ രണ്ടു ജില്ലാ കൗണ്‍സിലുകളില്‍ മാത്രമാണ് യു ഡി എഫ് വിടേണ്ടതില്ലെന്ന അഭിപ്രായമുയര്‍ന്നത്. 12 ജില്ലാ കൗണ്‍സിലുകളും ഇടതു ബന്ധത്തിനു പച്ചക്കൊടി കാട്ടിയിരുന്നു.
ജനുവരി 18ന് കോഴിക്കോട് നടത്താനിരുന്ന കൗണ്‍സില്‍ യോഗം കെ. പി മോഹനന്റെ അസൗകര്യം മൂലമാണ് 13ലേക്ക് മാറ്റിയത്. യു ഡി എഫില്‍ തുടരണമെന്നാണ് മന്ത്രി മോഹനന്റെ നിലപാട്. ശാരീരിക അസ്വാസ്ഥ്യം കാരണം 15വരെയുള്ള വീരേന്ദ്രകുമാറിന്റെ പരിപാടികള്‍ മാറ്റിയതാണ് 13ലെ കൗണ്‍സില്‍ മാറ്റാനുള്ള കാരണമായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് അറിയിച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
മന്ത്രി മോഹനനും കൂട്ടരും യു ഡി എഫില്‍ തുടരണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് അടക്കമുള്ള ഭൂരിപക്ഷം നേതാക്കളും, പാര്‍ട്ടി പ്രവര്‍ത്തകരും യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയുടെ ഭാഗമാകണമെന്ന നിലപാടുകാരാണ്. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ജെ ഡി യുവിനു നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments