ടെഹ്‌റാന്‍: പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധം നീങ്ങിയതിനെ തുടര്‍ന്ന് ഇറാന്‍ എണ്ണയുല്‍പാദനത്തിനൊരുങ്ങുന്നു. ആഗോള മാര്‍ക്കറ്റില്‍ എണ്ണവില ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രശ്‌നം മേഖലയിലെ എണ്ണയുല്‍പ്പാദകരായ സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയാറാണെന്ന് ഇറാന്‍ എണ്ണ മന്ത്രി ബൈജാന്‍ സനഗെ അറിയിച്ചു. ഒപക് രാജ്യങ്ങളുമായി ഏതു തരത്തിലുള്ള ചര്‍ച്ചക്കും സഹകരണത്തിനും ഇറാന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ എണ്ണയുല്‍പാദിപ്പിക്കാനാണ് ഇറാന്‍ പദ്ധതിയിടുന്നത്. ചില രാജ്യങ്ങളുടെ അമിത എണ്ണ ഉല്‍പാദനം രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതാണെന്നും കരുത്തുറ്റ രാഷ്ട്രീയ ഇഛാശക്തിയുണ്ടെങ്കില്‍ ഒരാഴ്ചക്കകം എണ്ണ വിലയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹത്തെ ഉദ്ദരിച്ച് ‘ഇര്‍ന’ റിപോര്‍ട്ട് ചെയ്തു.
ആഗോള എണ്ണ വിപണിക്ക് വന്‍ തിരിച്ചടിയേകി 2014 മുതല്‍ ക്രൂഡോയില്‍ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെയായി 70 ശതമാനം വിലയിടിവ് സംഭവിച്ചുകഴിഞ്ഞു. ഉല്‍പാദനത്തിലെ വേലിയേറ്റത്തിനിടയില്‍ അത് കുറച്ച് വിപണിക്കു വഴങ്ങാന്‍ ഒപക് രാജ്യങ്ങള്‍ കൂട്ടാക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മൂന്നു കോടി ബാരല്‍ എണ്ണയാണ് ഒപക് രാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്. 2014ല്‍ ബാരലിന് 100ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 30 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. അമിതോല്‍പാദനവും അമിത വിതരണവും ആണ് ആഗോള വിപണിയിലെ വിലത്തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എണ്ണ സമ്പദ് വ്യവസ്ഥയിലധിഷ്ഠിതമായ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ജിസിസി രാജ്യങ്ങള്‍ പറയുന്നതനുസരിച്ച് 2020തോടെ ഈ രാജ്യങ്ങളുടെ പൊതു കടം ഇരട്ടിയായി വര്‍ധിക്കുമെന്നും ആസ്തി മൂന്നില്‍ ഒന്നായി ചുരുങ്ങുമെന്നുമാണ്. ഇതോടെ ഇവര്‍ ധനക്കമ്മിയെ അഭിമുഖീകരിക്കും. ഗര്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയുടെ സൂചനകള്‍ കാണിക്കുന്നതാണ് കുവൈറ്റ് ഫിനാന്‍ഷ്യല്‍ സെന്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ട ഈ റിപോര്‍ട്ട്.
Post Your Comments