ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നിരവധി പേരുകളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. സുന്നി-സൂഫി മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന ആള്‍ ഇന്ത്യ തന്‍സീന്‍ ഉലമ ഇ ഇസ്ലാം ( എ.ഐ.ടി.യു.ഐ) എന്ന സംഘടനായാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യരക്ഷയെ കരുതി ഇത്തരം പ്രവര്‍ത്തനങ്ങളെ കണ്ടെത്തി നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ ഒരു ദിവസം നീണ്ടുനിന്ന തീവ്രവാദ വിരുദ്ധ കോണ്‍ഫറന്‍സില്‍ രാജ്യത്തെ സര്‍വകലാശാലകളിലെ നിലവിലെ ഇസ്ലാം പഠനം വിമര്‍ശനവിധേയമായി. യുവാക്കള്‍ക്കിടയില്‍ തീവ്രവാദ സ്വാധീനം കുറയ്ക്കാന്‍ സൂഫി ഉള്ളടക്കം സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു.
ലോകമെമ്പാടും ഭീകരവാദം ഉയര്‍ന്നുവരികയാണ്. തങ്ങള്‍ ഇതിനെ ശക്തമായി അപലപിക്കുന്നു. സൂഫി-സുന്നി മുസ്ലിങ്ങള്‍ ഒരു തരത്തിലും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നില്ല. പക്ഷേ, ഐ.എസ് ഇന്ത്യയില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം തങ്ങള്‍ക്ക് ഉയര്‍ത്തിക്കാട്ടേണ്ടതുണ്ടെന്നും എ.ഐ.ടി.യു.ഐ വ്യക്തമാക്കി.
ഐ.എസ് ബന്ധമുള്ള സംഘടനകള്‍ സമ്മേളനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇവര്‍ക്ക് സൗദി അറേബ്യയില്‍ നിന്നും ഖത്തറില്‍ നിന്നും ഫണ്ട് ലഭിക്കുന്നുണ്ടെന്നും എ.ഐ.ടി.യു.ഐ അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് അഷ്ഫാഖ് ഹുസൈന്‍ ക്വാദ്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേശിയ സുരക്ഷയെ കരുതി ഈ സംഘടനകളെ നിരോധിക്കണമെന്നും തങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments