മുംബൈ: ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ചാരന്മാരെ കണ്ടെത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ അമേരിക്കന്‍ പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി. ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഐ.എസ്.ഐ ആണെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈ ടാഡ കോടതിയില്‍ മൊഴി നല്‍കി.
2007ല്‍ മുംബൈയില്‍ ആക്രമണം നടത്താന്‍ പാക് ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബ പദ്ധതിയിട്ടിരുന്നു. മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടല്‍ നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറണമെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടതായും ഹെഡ്‌ലി വ്യക്തമാക്കി.
മേജര്‍ ഇഖ്ബാലിനെ 2006 തുടക്കത്തിലാണ് ആദ്യമായി പരിചയപ്പെടുന്നത്. ലഹോറിലെ ഒരു വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഈ യോഗത്തില്‍ പാകിസ്താന്‍ സൈന്യത്തിലെ ഒരു കേണലും ഉണ്ടായിരുന്നു. 2003ല്‍ ലഹോറിലെ ഒരു പള്ളിയില്‍ വച്ച് അബ്ദുല്‍ റഹ്മാന്‍ പാഷയെ ആദ്യമായി കണ്ട കാര്യവും ഹെഡ്‌ലി മൊഴി നല്‍കി. ഇയാളുടെ ചിത്രവും ഹെഡ്‌ലി തിരിച്ചറിഞ്ഞു. 2003ല്‍ പാക് അധീന കശ്മീരിലെ മുസഫറാബാദിലാണ് താന്‍ ആദ്യമായി സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയെ കണ്ടതെന്നും ഹെഡ് ലി പറഞ്ഞു. ലഷ്‌കറെ തോയ്ബയുടെ കേന്ദ്ര ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച. ലഖ്‌വിയുടെ ഫോട്ടോ കണ്ട് ഹെഡ്‌ലി തിരിച്ചറിയുകയും ചെയ്തു.
യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എന്നപേരില്‍ ലഷ്‌കറെ തോയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ സംഘടനകള്‍ യോജിച്ചു പ്രവര്‍ത്തിക്കുകയാണെന്നും ഹെഡ് ലി പറഞ്ഞു.
താന്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന കാര്യം ഭാര്യ ഫൈസ ഔത്തുല്ല ഇസ്‌ലാമാബാദിലെ യു.എസ് എംബസ്സിയില്‍ പരാതിപ്പെട്ട കാര്യവും ഹെഡ്‌ലി അംഗീകരിച്ചു. 2007 ഡിസംബറിലാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ഡിസംബര്‍ 10ന് പ്രത്യേക കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കുറ്റസമ്മതമൊഴി നല്‍കാന്‍ ഹെഡ് ലി തയാറായത്. ഇതേ കുറ്റത്തിന് അമേരിക്കന്‍ കോടതി വിധിച്ച 35 വര്‍ഷത്തെ തടവ് അനുഭവിച്ചുവരുകയാണ് ഹെഡ് ലി. രാം ജത്മലാനിയുടെ മകന്‍ മഹേഷ് ജത്മലാനിയാണ് ഹെഡ് ലിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.
Post Your Comments