India

ബസ് ഡ്രൈവര്‍ ഉല്‍ക്ക പതിച്ചു മരിച്ചു

വെല്ലൂര്‍: വെല്ലൂരില്‍ ബസ് ഡ്രൈവര്‍ സ്ഫോടനത്തില്‍ മരിച്ചത് ഉല്‍ക്ക പതിച്ചത് മൂലമെന്ന് സൂചന. നട്രംപള്ളി ഭാരതിദാസന്‍ കോളജ്‌വളപ്പില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കാമരാജ് എന്നയാള്‍ കൊല്ലപ്പെടുകയും മറ്റു മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബോംബ്‌ സ്ഫോടനം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ അന്വേഷണത്തില്‍ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം ഒന്നും തന്നെ കണ്ടെത്താനുമായില്ല. ഇതേത്തുടര്‍ന്നാണ് ഉല്‍ക്കാപതനത്തിന്റെ സാധ്യതയിലേക്ക് അന്വേഷണം നീണ്ടത്. സ്ഫോടനം നടന്ന സ്ഥലത്ത് വലിയകുഴി രൂപപ്പെട്ടിട്ടുണ്ട്. പ്രത്യേകതരം കല്ലിന്റെ സാംപിളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്‌. സാംപിളുകള്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചാലേ സ്‌ഫോടനകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

വലിയ ഉയരത്തില്‍നിന്നുള്ള ഉല്‍ക്കാ പതനമാണു സ്‌ഫോടനത്തിനു കാരണമെന്നാണു ശാസ്‌ത്രസംഘം നല്‍കുന്ന സൂചന. കഴിഞ്ഞ മാസം 26-ന്‌ വെല്ലൂര്‍ ജില്ലയിലെ ആളങ്കയം ഗ്രാമത്തിലെ നെല്‍പ്പാടത്ത്‌ സമാനമായരീതിയില്‍ സ്ഫോടനമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button