Kerala

കെ.ബാബുവിന്റെ പേര് പറഞ്ഞത് മറ്റൊരു മന്ത്രി പറഞ്ഞിട്ട് ; ഇപ്പോള്‍ പുറത്തു വന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ബിജു രമേശ്

തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ശബ്ദരേഖ എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ബിജു രമേശ്. മന്ത്രി കെ ബാബുവിന്റെ പേര് പറഞ്ഞത് മറ്റൊരു മന്ത്രി പറഞ്ഞിട്ടാണ്. ആ മന്ത്രി ആരാണെന്ന് പറയുന്നില്ല. അതും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍പ്പെടുത്തണമെന്നും ബിജു ആവശ്യപ്പെട്ടു.

ഇപ്പോള്‍ പുറത്ത് വന്നത് അഴിമതിയുടെ ഒരംശം മാത്രമാണ്. ഇപ്പോള്‍ തന്റേതായി പുറത്ത് വന്നിരിക്കുന്നത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണ്. സര്‍ക്കാരാണ് എഡിറ്റ് ചെയ്ത ശബ്ദരേഖയ്ക്ക് പിന്നില്‍. മന്ത്രിമാരുടെ അഴിമതി തെളിയിച്ചാല്‍ ബാറുകള്‍ തുറക്കാന്‍ സഹായിക്കാമെന്നാണ് കോടിയേരി പറഞ്ഞത്. സത്യങ്ങള്‍ തെളിയിക്കുകയാണെങ്കില്‍ ബാറുകള്‍ തുറക്കാന്‍ സഹായിക്കാമെന്ന് കോടിയേരി മുമ്പും പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ തന്നെ മുമ്പും പറഞ്ഞിട്ടുണ്ട്. അക്കാര്യം ഇപ്പോള്‍ ഞാന്‍ കുറച്ചു കൂടി ശക്തമായി പറയുക മാത്രമാണ് ചെയ്തത്. എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ പുറത്ത് വിടാന്‍ ബിജു രമേശ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു.

രമേശ് ചെന്നിത്തലയ്ക്ക് കൊടുത്തത് കൈക്കൂലിയല്ല, സംഭാവനയെന്നാണ് താന്‍ പറഞ്ഞത്. ഉപദ്രവിക്കരുതെന്ന് രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും ആവശ്യപ്പെട്ടു. എപ്പോള്‍ അറസ്റ്റ് ചെയ്താലും നല്‍കാനുള്ള തെളിവുണ്ട് തന്റെ കയ്യില്‍, തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരുടെ നാശത്തിനാണ്. ചോദ്യം ചെയ്യുന്ന വേളയില്‍ താന്‍ മറ്റ് മന്ത്രിമാരുടെ കാര്യം പറഞ്ഞു. എന്നാല്‍ അത് അന്വേഷണ പരിധിയില്‍ വരില്ലെന്നാണ് എസ്.പി സുകേശന്‍ പറഞ്ഞതെന്നും ബിജു രമേശ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button