ആണവോര്‍ജം, പെട്രോളിയം, ബഹിരാകാശം, റെയില്‍വെ തുടങ്ങി വിവിധ മേഖലകളിലായി 16 ഉടമ്പടികള്‍ക്ക് ഇന്ത്യ-യു എ ഇ ധാരണ. അബുദാബി യുവരാജാവും യു എ ഇ സൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണിത്. ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിനാണ് യു എ ഇ തയ്യാറെടുക്കുന്നത്. ബുധനാഴ്ചയാണ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തുന്നത്.
രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പരിഷ്‌കരണം, ഭീകര വിരുദ്ധ നിലപാട് എന്നീ വിഷയങ്ങളില്‍ ഇന്ത്യയുമായി സഹകരിക്കുന്നതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച നഹ്യാന്‍ ചര്‍ച്ച നടത്തുമെന്ന് യു എ ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു. സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനായിരിക്കും അബുദാബി യുവരാജാവിന്റെ മൂന്നു ദിന സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുക.
ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനാകും ഇന്ത്യയുമായുള്ള ആണവ കരാറിലൂടെ യു എ ഇ ഉദ്ദേശിക്കുന്നത്. നിലവില്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി യു എ ഇക്ക് ഇത്തരത്തില്‍ കരാറുകളുണ്ട്.
മോദിയുടെ ആറുമാസം മുന്‍പുള്ള യു എ ഇ സന്ദര്‍ശനം ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ നിര്‍ണായകമായെന്നും ബന്ന പറഞ്ഞു. 34 വര്‍ഷത്തിനിടെ യു എ ഇ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മോദി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ആറാമത്തെ രാജ്യമായ എ ഇയുമായുള്ള ബന്ധം രാജ്യത്തിന് ഏറെ ഗുണം ചെയ്യും.
Post Your Comments