കോഴിക്കോട് : സി.ഡി മാറ്റിയത് സരിതയും തമ്പാനൂര്‍ രവിയുമെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരായി താന്‍ ഹാജരാക്കുമെന്ന് പറഞ്ഞ സി.ഡി മാറ്റിയത് സരിതയാണ്. സരിതയ്ക്ക് ഇതിനുവേണ്ട സഹായങ്ങള്‍ നല്‍കിയത് തമ്പാനൂര്‍ രവിയാണെന്നും മാധ്യമങ്ങള്‍ അയച്ച തുറന്ന കത്തില്‍ ബിജു രാധാകൃഷ്ണന്‍ ആരോപിക്കുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു കത്ത് പുറത്ത് വിട്ടത്.സിഡിയുടെ മൂന്ന് കോപ്പി മൂന്ന് സ്ഥലങ്ങളിലായാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ഏറ്റവും എളുപ്പത്തില്‍ സുരക്ഷിതമായി എത്താവുന്ന സ്ഥലം കോയമ്പത്തൂരാണെന്നും അതുകൊണ്ടു തന്നെ അവിടേയ്ക്ക് പോകാമെന്നും കമ്മിഷനില്‍ താന്‍ വ്യക്തമാക്കിയിരുന്നു. തന്റെ വെളിപ്പെടുത്തലിന് പിന്നാലെ കമ്മിഷന്റെ സംഘത്തിലുണ്ടായിരുന്ന ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഡിവൈ.എസ്.പി ഹരികൃഷ്ണനെ അറിയിച്ചു. തുടര്‍ന്ന് ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിക്കുകയും അവിടെ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സരിതയും തമ്പാനൂര്‍ രവിയും ചേര്‍ന്ന് പാലക്കാട് പോലീസിന്റെ സഹായത്തോടെ സി.ഡി അവിടെനിന്നും മാറ്റുകയുമായിരുന്നുവെന്നും കത്തില്‍ ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു.
തനിക്ക് ജീവനുണ്ടെങ്കില്‍ മാര്‍ച്ച് 31 ന് മുന്‍പ് സി.ഡി ഹാജരാക്കുമെന്നും ബിജു കത്തില്‍ അവകാശപ്പെടുന്നു. അതേസമയം സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ബിജു രാധാകൃഷ്ണന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ബിജുവിന്റെ ഹര്‍ജി സോളാര്‍ കമ്മിഷനും വിജിലന്‍സ് കോടതിയ്ക്കും അയച്ചുകൊടുക്കുമെന്നും കോടതി വ്യക്തമാക്കി.
Post Your Comments