International

ഫ്രാന്‍സ് ഇനി വിശപ്പിന് വിലയിടില്ല; വിറ്റുപോകാത്ത ഭക്ഷണങ്ങള്‍ സൗജന്യമായി നല്‍കാന്‍ നടപടി

പാരിസ് : ഒരു നേരത്തെ വിശപ്പകറ്റാനുള്ള അന്നം തേടി മറ്റുള്ളവര്‍ക്കു മുന്നില്‍ യാചിച്ച് ഒഴിഞ്ഞ വയറുമായി ഒരു വിഭാഗം തെരുവില്‍ അലയുമ്പോഴും ഫ്രാന്‍സിന്റെ ഒരോ ദിവസവും കണികണ്ടുണരുന്നത് ടണ്‍ കണക്കിന് ഭക്ഷണ മാലിന്യങ്ങളാണ്. ഇത്തരമൊരു അവസ്ഥയ്ക്ക് അറുതിവരുത്തണമെന്ന ലക്ഷ്യത്തോടെ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍.

ഇനി മുതല്‍ ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റുപോകാതെ ബാക്കിവരുന്ന ഭക്ഷ്യവസ്തുക്കള്‍ മുഴുവന്‍ ചാരിറ്റികള്‍ക്കും ഫുഡ് ബാങ്കുകള്‍ക്കും നിര്‍ബന്ധമായി സംഭാവന ചെയ്യണം. പുതിയ നിയമം കൊണ്ടുവരുന്നതിലൂടെ ഭക്ഷണം പാഴാക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ വിവേകശൂന്യമായ നടപടിയെ തടയാനൊരുങ്ങിയിരിക്കുകയാണ് ഫ്രാന്‍സ് ഭരണകൂടം.

ആവശ്യത്തിലധികം ഭക്ഷണ ലഭ്യത രാജ്യത്തുള്ളപ്പോഴും മനുഷ്യന്‍ പട്ടിണി കിടക്കുന്ന അവസ്ഥ അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഈ വിഷയത്തില്‍ പാരീസ് കൗണ്‍സിലര്‍ അറാഷ് ഡെറാംബറാഷ് അവതരിപ്പിച്ച പ്രമേയം ഫ്രഞ്ച് സെനറ്റ് ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു. 4000 സ്‌ക്വയര്‍ ഫീറ്റോ അതിലു മുകളിലോ ഉള്ള ഏത് സൂപ്പര്‍മാര്‍ക്കറ്റിനും ഈ നിയമം ബാധകരമാണ്.

ഈ നിയമത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ലംഘനം കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയാണെങ്കില്‍ 75,000 രൂപയോ രണ്ടു വര്‍ഷത്തെ ജയില്‍വാസമോ അനുഭവിക്കണ്ടതായി വരും. സൂപ്പര്‍മാര്‍ക്കറ്റുകളെ മാത്രം നിയന്ത്രണ പരിധിക്കുള്ളില്‍ കൊണ്ടുവരുന്ന നിയമത്തില്‍ റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, സ്‌കൂളുകള്‍, കമ്പനി കാന്റീനുകള്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഫ്രാന്‍സ് ഭരണകൂടം.

shortlink

Post Your Comments


Back to top button