India

മുസ്ലീം വ്യക്തിനിയമം ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ല : ജമാ അത്ത് ഉലമ

ന്യൂഡല്‍ഹി : മുസ്ലീം വ്യക്തിനിയമം ചോദ്യം ചെയ്യാന്‍ സുപ്രീം കോടതിയ്ക്ക് അധികാരമില്ലെന്ന് ജമാ അത്ത് ഉലമ. മുസ്ലീം സ്ത്രീകളുടെ തുല്യ അവകാശങ്ങളും ലിംഗനീതിയും സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജെ.യു.എച്ചിനെ കക്ഷി ചേര്‍ത്തിരുന്നു. ഇതിലാണ് നിലപാടറിയിച്ചത്. മുസ്ലീം വ്യക്തിനിയമം വിശുദ്ധ ഗ്രന്ഥമായ ഖുര്‍ ആനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് അത് ഭരണഘടനാപരമായി പരിശോധിയ്ക്കാനോ ചോദ്യം ചെയ്യാനോ സുപ്രീം കോടതിയ്ക്ക് അവകാശമില്ലെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുസ്ലിം മതപണ്ഡിതരുടെ സമിതി വ്യക്തമാക്കി.

വിവാഹം, വിവാഹമോചനം, തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളിലുള്ള വ്യക്തിനിയമത്തെ ചോദ്യം ചെയ്യാന്‍ ജുഡീഷ്യറിയ്ക്ക് അവകാശമില്ലെന്ന് ജെ.യു.എച്ച് വ്യക്തമാക്കി. മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിയ്ക്കാന്‍ കോടതിയ്ക്ക് അധികാരമില്ലെന്നും ജമാ അത്ത് ഉലമ നിലപാടറിയിച്ചു. പൊതുസിവില്‍ കോഡ് സംബന്ധിച്ച ഭരണഘടനയിലെ പരാമര്‍ശം മാര്‍ഗനിര്‍ദ്ദേശകതത്വം മാത്രമാണെന്നും ജെ.യു.എച്ച് വാദിയ്ക്കുന്നു. വ്യക്തിനിയമം പാര്‍ലമെന്റ് പാസാക്കിയതല്ലെന്നും അത് മതഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആര്‍ട്ടിക്കിള്‍ 13ല്‍ പരാമര്‍ശിയ്ക്കുന്ന പ്രാബല്യത്തിലുള്ള നിയമങ്ങള്‍ എന്ന വിഭാഗത്തില്‍ വ്യക്തിനിയമത്തെ പെടുത്താന്‍ കഴിയില്ലെന്നും ജെ.യു.എച്ച് അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് അറ്റോണി ജനറലിയും നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്കും ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യത്തില്‍ ആറാഴ്ചയാണ് കേന്ദ്രസര്‍ക്കാരിനും നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്കും കോടതി സമയം നല്‍കിയിരിയ്ക്കുന്നത്. ഏകപക്ഷീയമായ തലാഖും പുരുഷന് ഒരേസമയം ഒന്നിലധികം ഭാര്യമാരുണ്ടാകാം എന്നത് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിയ്ക്കാല്‍ ജസ്റ്റിസ് അനില്‍.ആര്‍.ദവേ, ജസ്റ്റിസ് ആദര്‍ശും ഗോയലും അംഗങ്ങളായ ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശിച്ചിരുന്നു.

 
 

shortlink

Post Your Comments


Back to top button