കൊച്ചി : ബാര്‍ കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്‍സിന്റെ ദ്രുതപരിശോധന റിപ്പോര്‍ട്ട് വിജിലന്‍സിന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. ബാര്‍ ലൈസന്‍സ് ഫീ കൂട്ടാതിരിക്കാന്‍ മന്ത്രിക്ക് ബിജു രമേശ് പണം നല്‍കിയതിന് തെളിവില്ലെന്നാണ് വിജിലന്‍സ് എസ് പി ആര്‍. നിശാന്തിനിയുടെ റിപ്പോര്‍ട്ടിലുള്ളത്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദ്രുതപരിശോധന.
ബാര്‍ ലൈസന്‍സ് ഫീ 23 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് നല്‍കിയെന്നാണ് ബിജു രമേശ് ആരോപിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണത്തെ തള്ളിക്കളയുന്നതാണ് വിജിലന്‍സിന്‍സിന്റെ റിപ്പോര്‍ട്ട്. കോഴ നല്‍കി എന്നു പറയുന്ന കാലയളവില്‍ ബിജു രമേശിന്റെ അക്കൗണ്ടിലോ ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ അക്കൗണ്ടിലോ ഇത്രയും തുക ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കാര്‍ത്തികേയന്‍ നല്‍കിയ 28 ലക്ഷത്തിനൊപ്പം തന്റെ 10 ലക്ഷവും കൂടി ചേര്‍ത്താണ് പണം നല്‍കിയതെന്നാണ് ബിജു രമേശിന്റെ ആരോപണം.
എന്നാല്‍ ബിജു രമേശ് വിശദീകരിച്ചതു പോലെയല്ല മന്ത്രിയുടെ ഓഫീസിന്റെ ഘടനയെന്നും, ബിജുവിന്റെ അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം രൂപ പിന്‍വലിച്ചിട്ടില്ലെന്നും നിശാന്തിനിയുടെ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ സംഭവത്തിന് സാക്ഷികളെന്ന് ബിജു രമേശ് പറയുന്ന മാനേജര്‍ രാധാകൃഷ്ണന്‍, സുഹൃത്ത് മുഹമ്മദ് റസീഖ് എന്നിവരുടെ മൊഴികളില്‍ പൊരുക്കക്കേടുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം വിജിലന്‍സ് സംഘം മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. വിജിലന്‍സിന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് വിശദമായ പരിശോധനകള്‍ക്കു ശേഷം അടുത്ത ദിവസം തന്നെ കോടതിയില്‍ ഹാജരാക്കും.
Post Your Comments