ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുമതി ആവശ്യപ്പെട്ട് വിദഗ്ധ സമിതി സുപ്രീം കോടതിയെ സമീപിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സ്വത്തുക്കളുടെ പ്രദര്‍ശനത്തിനായി മ്യൂസിയം സ്ഥാപിക്കണമെന്ന കാര്യത്തിലും സമിതി കോടതിയുടെ ഉത്തരവ് തേടി.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ വര്‍ഗീകരിക്കുന്നതിനായി സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ക്ഷേത്രത്തിലെ ബി നിലവറയൊഴികെ എ മുതല്‍ എച്ച് വരെയുള്ളതിലെ വസ്തുക്കളുടെ പരിശോധന പൂര്‍ത്തിയായി. സുപ്രീം കോടതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ ബി നിലവറ തുറക്കാനായിരുന്നില്ല. ഇതിനായുള്ള അടിയന്തിര ഉത്തരവ് ആവശ്യപ്പെട്ടാണ് സമിതി കോടതിയെ സമീപിച്ചത്. സമഗ്രമായ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായ ബി നിലവറയിലെ പരിശോധനയും പൂര്‍ത്തിയാക്കണമെന്ന് എം. വി നായരുടെ അധ്യക്ഷതയിലുള്ള സമിതി വ്യക്തമാക്കി.
രാജകുടുംബത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഓഡിറ്റ് അതോറിറ്റിയും ബി നിലവറ തുറക്കണമെന്ന നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി ഇതുവരെയുള്ള പരിശോധനയുടെ വിവരങ്ങള്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഹാര്‍ഡ് ഡിസ്‌കിലാക്കി സൂക്ഷിച്ചിട്ടുണ്ട്. 45000ല്‍ അധികം പേജുകളുണ്ടിതില്‍. പൂജയ്ക്കായി ആഭരണങ്ങള്‍ കൈമാറണമെന്ന ക്ഷേത്രത്തില്‍ നിന്നുള്ള ആവശ്യവും സമിതി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments