തിരുവനന്തപുരം: അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും സിക വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം. സിക വൈറസ് ബാധയുള്ള 22 രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരുടെ ബാഗേജുകളും മറ്റും വിശദമായി പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
ബാഗേജുകള്‍ വഴി അവിടെ നിന്നുള്ള കൊതുക് എത്തുന്ന വഴിയടയ്ക്കാനാണ് പരിശോധന. രോഗബാധിതനെങ്കില്‍ ഉടന്‍ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ലോകാരോഗ്യ സംഘടനയുടേയും നിര്‍ദ്ദേശങ്ങളെത്തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് സംഘം പ്രത്യേക സര്‍വ്വേ നടത്തി.
സിക വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കരിപ്പൂര്‍ വഴി കടന്നുപോയാല്‍ അവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കാന്‍ സംവിധാനമൊരുക്കി. വിദേശികളായ യാത്രക്കാരെ രണ്ടാഴ്ച നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. കോഴിക്കോട്ട് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനെത്തിയ വിദേശ ടീമുകളിലെ കളിക്കാര്‍ താമസിക്കുന്ന ജില്ലാതിര്‍ത്തിയിലെ റിസോര്‍ട്ടില്‍ ഇന്ന് ഫോഗിങ് നടത്തും.
കേരളത്തിലും തമിഴ്നാട്ടിലുമാണ് വിമാനത്താവളങ്ങളില്‍ പരിശോധന ഊര്‍ജ്ജിതപ്പെടുത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നും കൂടുതല്‍ യാത്രക്കാര്‍ പോകുന്നുണ്ടെന്നതും മലയാളികള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണെന്നതുമാണ് കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്കാന് കാരണം.
Post Your Comments