Kerala

സിക വൈറസ് : കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

പാലക്കാട് : സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രതയ്ക്കു നിര്‍ദേശം. കോഴിക്കോട്ട് ഇന്ന് ആരംഭിക്കുന്ന നാഗ്ജി ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ രോഗബാധ സ്ഥിരീകരിച്ച ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ക്ലബ്ബുകളടക്കം പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കളിക്കാരുടെ ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം നിരീക്ഷിക്കും. രോഗം പടരുന്ന വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്നവരുടെ ആരോഗ്യസ്ഥിതിയും വിലയിരുത്തും. പനിയുമായി ചികില്‍സ തേടുന്നവരുടെ രണ്ടാഴ്ചത്തെ യാത്രാവിവരങ്ങള്‍ പരിശോധിക്കും.

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്ന ഈഡീസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണു സിക രോഗവും പരത്തുന്നത്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇത്തരം കൊതുകുകളുടെ സാന്നിധ്യം ഭീഷണിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. മുതിര്‍ന്നവരില്‍ നാഡീവ്യവസ്ഥകളെ ബാധിക്കുന്ന ഗില്യന്‍ബാരി എന്ന അസുഖത്തിനും സിക വൈറസ് കാരണമാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ഗില്യന്‍ബാരി സിന്‍ഡ്രോം സ്ഥിരീകരിച്ചിരുന്നു.

shortlink

Post Your Comments


Back to top button