തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച സൗകര്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനായി എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃതസഞ്ജീവനി-500 ന്റെ പ്രഖ്യാപനവും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്കു വേണ്ടി സജ്ജീകരിച്ച അത്യാധുനിക ഐ.സി.യു.വിന്റേയും അനുബന്ധ ഉപകരണങ്ങളുടേയും സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തിലെ മികച്ച ആശുപത്രികളുടെ വിജയത്തിന് പിന്നില്‍ മലയാളി ഡോക്ടര്‍മാരുണ്ട്. ഏറ്റവും പുതിയ ചികിത്സാ ഉപകരണങ്ങള്‍ ഇവിടെ ലഭ്യമാക്കിയാല്‍ ആരോഗ്യ രംഗത്ത് മികച്ച സേവനം ലഭ്യമാക്കാനാവും.
എയര്‍ ആമ്പലന്‍സിന്റെ സേവനം കൂടുതല്‍ വിപുലപ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളൈയിംഗ് ക്ലബുമായി സഹകരിച്ച് ഒരുമാസത്തിനകം ഈ പദ്ധതി നടപ്പാക്കും. അവയവങ്ങള്‍ നല്‍കുന്നവരോടും കൊടുക്കുന്നവരോടും അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളരെയേറെ ചികിത്സാ ചിലവുള്ള അവയവം മാറ്റിവയ്ക്കല്‍ സാധാരണക്കാരനും കൂടി ലഭ്യമാക്കാനാണ് മെഡിക്കല്‍ കോളേജില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വി. എസ്. ശിവകുമാര്‍ പറഞ്ഞു. ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും വിവിധ അവയവങ്ങളുടെ ചേര്‍ച്ച നിര്‍ണ്ണയിക്കുന്നതിനുള്ള എച്ച്.എല്‍.എ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചികിത്സാ രംഗത്ത് പുതിയൊരു കാല്‍വയ്പിനാണ് മെഡിക്കല്‍ കോളേജ് ശ്രമിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം മാതൃകാപരമായി കൊണ്ടുപോകുമ്പോള്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് സാധാരണക്കാര്‍ക്കാണ്.
ഒരുമാസത്തിനകം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരോ കാത്ത് ലാബ്, സി.ടി. സ്‌കാന്‍ മെഷീന്‍, എം.ആര്‍.ഐ. സ്‌കാന്‍ എന്നിവ പ്രവര്‍ത്തനസജ്ജമാക്കും.
സംസ്ഥാന സര്‍ക്കാര്‍ സംരഭമായ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുംകൂടി 500 അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടപ്പിലാക്കിയതിന്റെ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്കു വേണ്ടി സജ്ജീകരിച്ചിട്ടുള്ളതാണ് അത്യാധുനിക ഐ.സി.യു.വും അനുബന്ധ ഉപകരണങ്ങളും.
എം.എ. വാഹിദ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറുമായ ഡോ. തോമസ് മാത്യു, ഡി.എം.ഇ. ഡോ. എ. റംലാബീവി, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ കുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എല്‍. നിര്‍മ്മല, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്തിലജനം, ഡോ. വേണുഗോപാല്‍, ഡോ. ശാന്താ സദാശിവന്‍, ഡോ. ജി. കൃഷ്ണ, ഡോ. ജേക്കബ് ജോര്‍ജ്, ഡോ. നോബിള്‍ ഗ്രേഷ്യസ്, മുന്‍ കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് മൃതസഞ്ജീവനി വഴി അവയവം മാറ്റിവച്ച അലക്‌സ്, രമേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments