ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ സിക വൈറസിനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ട സംസ്ഥാനങ്ങള്‍ കേരളവും തമിഴ്‌നാടുമെന്ന് ആരോഗ്യ വിദഗ്ധര്‍. കേരളത്തിലേയും തമിഴ്‌നാട്ടിലേയും കാലാവസ്ഥാ സാഹചര്യങ്ങളും കൊതുകുകള്‍ പെരുകാനുള്ള സാഹചര്യവുമാണ് ഇതിന് കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.
ഡെങ്കിയും ചിക്കന്‍ ഗുനിയയും പരത്തുന്ന ഈഡിസ് വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകാണ് സികയ്ക്കും കാരണം. കഴിഞ്ഞ മഴക്കാലത്തിന് മുന്നോടിയായി ഇരുസംസ്ഥാനങ്ങളും കൊതുകുനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ചെന്നൈയില്‍ രണ്ട് മാസം മുമ്പുണ്ടായ പ്രളയം കൊതുകുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ടാകാമെന്നും പ്രളയ ദുരിതാശ്വാസം ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിഷയം ഗൗരവമായി വിലയിരുത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാട്ടില്‍ രോഗബാധയുണ്ടായാല്‍ അത് സമീപ സംസ്ഥാനങ്ങളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. ദക്ഷിണേന്ത്യയില്‍ എല്ലായിടങ്ങളില്‍ നിന്നുമുള്ള നിരവധി യാത്രക്കാര്‍ വന്നുപോകുന്ന ഇടമായതിനാലാണിത്. വിദേശയാത്ര കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് വരുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളത്തിലടക്കം ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments