ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അനുപം ഖേറിന് വിസ അനുവദിക്കാമെന്ന് ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷ്ണര്‍ അബ്ദുല്‍ ബാസിത്. എന്നാല്‍ അനുപം ഖേര്‍ ഈ വാഗ്ദാനം നിരസിച്ചു. കറാച്ചി സാഹിത്യോത്സവം നടക്കുന്ന തീയതികളില്‍ തനിക്ക് മറ്റു പരിപാടികള്‍ ഉള്ളതായും വിസ അനുവദിക്കാമെന്ന് പറഞ്ഞതില്‍ നന്ദിയുണ്ടെന്നും അനുപം ഖേര്‍, ബാസിതിനെ അറിയിച്ചു. അനുപം ഖേറിന് പാക് വീസ നിഷേധിച്ചത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
കറാച്ചി സാഹിത്യോത്സവത്തല്‍ പങ്കെടുക്കാന്‍ അനുപം ഖേറിന് വിസ നിഷേധിച്ച പാക്കിസ്ഥാന്‍, സംഘാടകര്‍ ക്ഷണിച്ച മറ്റു 17 ഇന്ത്യക്കാര്‍ക്കും വിസ നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച ആരംഭിക്കുന്ന സാഹിത്യോത്സവത്തിന് വിസ ലഭിച്ചവരില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിതും നടി നന്ദിതാ ദാസും ഉള്‍പ്പെടുന്നു. വിവാദവിഷയമായേക്കാവുന്ന ഇന്ത്യപാക് ബന്ധം, മത വിഷയങ്ങള്‍ എന്നിവയില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന അനുപം ഖേര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നുവെന്ന് പാക് സര്‍ക്കാരിലെ ചില കേന്ദ്രങ്ങള്‍ പറഞ്ഞു. അനുപം ഖേര്‍ ഒഴികെയുള്ള 17 പേര്‍ക്കു മാത്രമേ വിസ നല്‍കുകയുള്ളൂവെന്ന് ഹൈക്കമ്മീഷനില്‍ അറിയിച്ചിരുന്നതായി സംഘാടകരും പറഞ്ഞു.
യു. എസ്, ബ്രിട്ടന്‍, ഇന്ത്യ, ബംഗ്ലാദേശ് ഉള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി 35 പ്രതിനിധികള്‍ സാഹിത്യോത്സവത്തിന് എത്തുന്നുണ്ട്. കഴിഞ്ഞ മേയില്‍ പാക്കിസ്ഥാനിലെ ലാഹോറിലേക്ക് അദ്ദേഹത്തിന് ക്ഷണം ലഭിച്ചപ്പോഴും വിസ നല്‍കിയിരുന്നില്ല.
Post Your Comments