കോയമ്പത്തൂര്‍: സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതില്‍ മുന്‍ഗണന നല്‍കുന്ന കേന്ദ്രസര്‍ക്കാരുമായി പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞടുപ്പിലേറ്റ പരാജയം കോണ്‍ഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ലെന്ന് അദ്ദേഹം കളിയാക്കി.
മികച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. കോയമ്പത്തൂരില്‍ ബി. ജെ. പി പ്രവര്‍ത്തക റാലിയില്‍ ജനങ്ങളെ അഭിസംഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ പരാജയപ്പെടുത്തുകയും പിന്തള്ളുകയും ചെയ്തവര്‍ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ അനുവധിക്കണമെന്നാണ് തന്റെ അപേക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിജയിച്ച ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുകയും പരാജയപ്പെട്ടവര്‍ സ്വയം പരിശോധിക്കുകയുമാണ് വേണ്ടത്. ചര്‍ച്ചകളിലൂടെ പൊതുസമ്മതം രൂപപ്പെടുത്തി തൊഴില്‍ ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കൃത്യമായ സംരക്ഷണവും അവകാശങ്ങളും ഉറപ്പു കൊടുത്തുതന്നെ തൊഴിലാളികളുമായും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായും ചര്‍ച്ച നടത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി മാര്‍ച്ച് 10 ന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. നിലവിലുള്ള 44 കേന്ദ്ര തൊഴില്‍ ചട്ടങ്ങളെ 4 തൊഴില്‍ കോഡുകളാക്കി ലഘൂകരിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. കൂലി സംബന്ധമായത്, വ്യാവസായിക ബന്ധത്തിന്റെ ഭാഗമായത്, സംരക്ഷണം സുരക്ഷ, ആരോഗ്യരംഗം എന്നിങ്ങനെ വേര്‍തിരിക്കാനാണ് ലക്ഷ്യമിടുന്നത്.
Post Your Comments