പൂവാര്‍ : കാണാതായ ആളെ മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിന്റെ (45) മൃതദേഹം വിഴിഞ്ഞം, പൂവാര്‍ ബൈപ്പാസ് റോഡില്‍ കാഞ്ഞിരംകുളം പുതിയതുറ കരിങ്കുളം ഭദ്രകാളി ക്ഷേത്രത്തിന് സമീപം ഓടയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ബഷീറിനെ കാണാതാവുകയായിരുന്നു.
ബഷീറിനെ കാണാതായെന്ന് കാണിച്ച് ബന്ധുക്കള്‍ നേമം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നീല പാന്റ്‌സും പച്ചനിറത്തിലുള്ള ഫുള്‍ സ്‌ളീവ് ഷര്‍ട്ടുമായിരുന്നു വേഷം. ഷൂസും ധരിച്ചിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തിയെങ്കിലും തുടക്കത്തില്‍ മൃതദേഹം തിരിച്ചറിയാന്‍ സഹായകമായ യാതൊരു സൂചനകളും സ്ഥലത്തു നിന്ന് ലഭിച്ചിരുന്നില്ല. സദാ തിരക്കേറിയ ബൈപ്പാസ് റോഡിന്റെ വശത്തെ ഓടയില്‍ വലതുകാല്‍ പാദം റോഡിലേക്ക് പൊന്തിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
നേരം പുലര്‍ന്ന ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം വാഹനത്തില്‍ ഇവിടെ എത്തിച്ച് ഓടയില്‍ തള്ളിയതാകാമെന്നാണ് സംശയം. കാഞ്ഞിരംകുളം പൊലീസെത്തി മൃതദേഹം പരിശോധിച്ചശേഷം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. ഫോറന്‍സിക് പരിശോധനയ്ക്കും ഇന്‍ക്വസ്റ്റിനും ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments