ആലപ്പുഴ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സി കേരളത്തില്‍ ഒഴുകുന്ന സോളാര്‍ പദ്ധതി അവതരിപ്പിക്കാനൊരുങ്ങുന്നു. കായംകുളത്തെ എന്‍.ടി.പി.സി കോംപൗണ്ടിലെ ജലസംഭരണിയില്‍ മാര്‍ച്ചില്‍ പദ്ധതിയുടെ പരീക്ഷണം നടക്കുമെന്ന് ജനറല്‍ മാനേജര്‍ ശങ്കര്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്‍.ടി.പി.സിയുടെ ഗവേഷണ വിഭാഗമായ നേത്രയുടെ സഹകരണത്തോടെ അഞ്ച് കിലോവാട്ട് വൈദ്യുതിയാണ് പരീക്ഷണാര്‍ത്ഥം ഉല്‍പ്പാദിപ്പിക്കുക. ഇതിനൊപ്പം കരയിലും അഞ്ച് കിലോവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. പരീക്ഷണം വിജയിച്ചാല്‍ 100 കിലോവാട്ടിലേക്ക് വര്‍ധിപ്പിക്കും. എച്ച് ഡി പി ഐ ഉപയോഗിച്ചാണ് വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഫ്‌ളോട്ടറുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് മുകളിലാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുക. സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി-സിപെറ്റിനാണ് ഫ്‌ളോട്ടറുകളുടെ നിര്‍മ്മാണച്ചുമതല.
ഇറക്കുമതി ചെയ്യുന്നതിന് ചെലവേറുന്നതിനാല്‍ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം തദ്ദേശിയമായാണ് ഫ്‌ളോട്ടറുകള്‍ നിര്‍മ്മിക്കുന്നത്. ഹൈദരാബാദ് ഫാബ്‌സിറ്റിയിലെ റേഡിയന്റ് സോളാര്‍ കമ്പനിയാണ് സോളാര്‍ പാനലുകള്‍ സജ്ജമാക്കുന്നത്. പദ്ധതിക്കുള്ള ഇന്‍വെര്‍ട്ടര്‍, എല്‍.ടി പാനല്‍, മറ്റ് സംവിധാനങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 13 ലക്ഷം രൂപയാണ് പരീക്ഷണ പദ്ധതിയുടെ ചെലവ്. കരയെ അപേക്ഷിച്ച് ജലോപരിതലത്തില്‍ ചൂട് കൂടുതലായതിനാല്‍ പ്രസരണനഷ്ടം ഒഴിവാക്കി കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുണ്ടാക്കാനാവും.
കേരളത്തില്‍ ജലപാതകള്‍ ഏറെയുള്ളതിനാല്‍ പദ്ധതിക്ക് സാധ്യതയും ഏറെയാണ്. പാരിസ്ഥിതിക വശങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിക്കൂ.
Post Your Comments