Kerala

ജസ്റ്റിസ് പി. ഉബൈദിനെതിരെ കീഴ്‌ക്കോടതി ജഡ്ജിമാര്‍

കൊച്ചി: ഹെക്കോടതി ജഡ്ജി പി. ഉബൈദിനെതിരെ കീഴ്‌ക്കോടതി ജഡ്ജിമാര്‍ രംഗത്ത്. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വാസനെ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തലത്തിലാണ് കീഴ്‌ക്കോടതി ജഡ്ജിമാര്‍ രംഗത്തെത്തിയത്. പി. ഉബൈദിനെതിരെ ഹൈക്കോടതി ചീഫ്ജസ്റ്റിസിനും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കാന്‍ കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനമെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നടപടി. കീഴ്‌ക്കോടതി ഉത്തരവില്‍ അപാകതയുണ്ടെങ്കില്‍ റദ്ദാക്കുകയും തിരുത്തുകയും ചെയ്യാനുള്ള അധികാരം ഹൈക്കോടതി ജഡ്ജിമാര്‍ക്കുണ്ട്. പക്ഷേ തൊഴില്‍പരമായ അപാകതയുണ്ടെങ്കില്‍ മാത്രമേ കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ പാടുള്ളുവെന്നും യോഗം വിലയിരുത്തി. ഇത്തരത്തിലുള്ള ഹൈക്കോടതിയുടെ വിമര്‍ശനം  പരിധിവിട്ടതാണെന്നും ജനങ്ങളില്‍ കോടതിയുടെ വിശ്വസ്യത തകര്‍ക്കാന്‍ ഇടയാകുമെന്നും സംഘടന വിലയിരുത്തി.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരായി കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വന്ന അപ്പീല്‍ പരിഗണിച്ച് ജസ്റ്റിസ് ഉബൈദ് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കുകയും വിജിലന്‍സ് ജഡ്ജി വാസനെ വ്യക്തിപരമായി വിമര്‍ശിക്കുകയും  നടപിടിയെടുക്കാന്‍  നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെയുള്ള ഒരു ജഡ്ജിയെവെച്ച് എങ്ങനെ മുന്നോട്ടുപോകുമെന്നും സ്വന്തം അധികാരമെന്താണെന്ന് ഈ ജഡ്ജിക്ക് അറിയില്ലെന്നുമായിരുന്നു ഉബൈദിന്റെ വിമര്‍ശനം. ഇതേത്തുടര്‍ന്ന് ജഡ്ജി വാസന്‍ സ്വയം വിരമിക്കാന്‍ തീരുമാനിക്കുകയും അവധിയില്‍ പോവുകയും ചെയ്തു.

shortlink

Post Your Comments


Back to top button