Life StyleHealth & Fitness

“എപ്പോഴും സന്തോഷം നിലനിർത്താൻ പത്തു വഴികൾ …”

നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാൻ കുറുക്കുവഴികളില്ല. പണം തീർച്ചയായും ജീവിതസൌകര്യങ്ങളെ മെച്ചപ്പെടുത്താൻ ഉപകരിക്കും. പക്ഷെ അതോടൊപ്പം മാനസികമായ സന്തോഷത്തിന് കൂടി മാർഗങ്ങൾ നാം കണ്ടെത്തിയിട്ടില്ലെങ്കിൽ സന്തോഷം വളരെ അകന്ന് തന്നെ നില്‍ക്കും. ജീവിതാവസാനം വരെ സന്തോഷം നിലനിർത്താൻ പത്ത് വഴികളാണ് താഴെ നല്‍കുന്നത്.

1. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം ഉപേക്ഷിക്കുക.
2. മറ്റുള്ളവരിൽ അസൂയപ്പെടാതെ സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുക.
3. ആത്മാർഥമായി ഉത്തരവാദിത്തം നിർവഹിച്ചിട്ട് അംഗീകാരം ലഭിച്ചില്ലെങ്കിൽ നിരാശപ്പെടാതിരിക്കുക.
4. മറ്റുള്ളവർക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്തുക.
5. പ്രയാസകരമായ അവസ്ഥയിലും സംയമനം പാലിക്കുക.
6. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക.
7. എല്ലായ്പ്പോഴും ശുഭാപ്തി വിശ്വാസിയായിരിക്കുക.
8. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോട് പെരുമാറുക.
9. സംഭവിച്ചതെല്ലാം നന്മക്ക് വേണ്ടിയാണ് എന്ന് വിശ്വസിക്കുക.
10. ദൈവികവിധിയിൽ വിശ്വസിക്കുക.
ജീവിതത്തിൽ സ്വപ്നങ്ങൾ ഉണ്ടാകരുതെന്നോ കൂടുതൽ നേട്ടത്തിന് ആഗ്രഹിക്കരുതെന്നോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യങ്ങളുടെ കാര്യത്തിലുള്ള മുന്‍ഗണനാക്രമം പാലിച്ച് സന്തുലിത മനസ്സോടെ അവ നേടിയെടുക്കാൻ ശ്രമിക്കുക. ആർത്തി ഉപേക്ഷിക്കുക
ഒരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കപ്പെടുമ്പോഴാണ് അതിനേക്കാള്‍ ഉന്നതമായ ഒരു പദവിയിൽ എത്തുന്നത്. സാദാജോലിക്കാരനായിരിക്കെ യഥാവിധി ഉത്തരവാദിത്തം നിർവഹിക്കാത്ത ഒരാൾ മാനേജർ സ്ഥാനത്ത് എത്തുക അസംഭവ്യമാണ്. അതിനാൽ ഇപ്പോൾ താൻ എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കുമ്പോൾ ചെയ്യേണ്ട ഉത്തവാദിത്തം ഭംഗിയായി നിർവഹിച്ചാൽ സന്തോഷവും പുരോഗതിയും പ്രതീക്ഷിക്കാം.
താനെത്ര നന്നായി ചെയ്തിട്ടും കാര്യമില്ല ആരും ഗൌനിക്കുന്നില്ല എന്ന് ഒരു വേള തോന്നിയേക്കാം. പക്ഷെ അതൊരു പരീക്ഷണ ഘട്ടമാണ് അവിടുന്നും കടന്ന് നിങ്ങൾ ആത്മാർഥതയോടെ ഉത്തവാദിത്തം ചെയ്യുമ്പോഴേ നിങ്ങൾ അംഗീകാരത്തിന് യഥാർഥത്തില്‍ അർഹത നേടുന്നുള്ളൂ. അല്ലെങ്കില്‍ താങ്കൾ ചെയ്തത് അംഗീകാരത്തിനാണ് എന്നാണ് അത് അർഥമാക്കുന്നത്. ആത്മാര്‍ഥമായി ഉത്തവാദിത്തം നിർവഹിച്ച ആർക്കും അതിന് അംഗീകാരം ലഭിക്കാതെ പോകുകയില്ല.
നമ്മുടെ സന്തോഷം നമ്മുടെ വ്യക്തിഗതമായ മാത്രം ഉപാധികളിൽ പരിമിതമല്ല. ചുറ്റുപാടുമുള്ള ജനങ്ങൾ സംശയത്തോടെ വീക്ഷിക്കുമ്പോൾ അവരുടെ വിശ്വസം നഷ്ടപ്പെട്ട അവസ്ഥയിൽ ഒരിക്കാലും ആർക്കും യഥാർഥ സന്തോഷം ലഭിക്കില്ല. വിശ്വാസം നഷ്ടപ്പെടാന്‍ എളുപ്പമാണ് പക്ഷെ വിശ്വാസം നേടിയെടുക്കുക ശ്രമകരവും, പണം കൊണ്ട് നേടാന്‍ കഴിയാത്ത ഒന്നാണ് ജനങ്ങളുടെ വിശ്വാസം.
പ്രയാസത്തിന്റെ സന്ദർഭത്തിൽ നാം കാണിക്കുന്ന അക്ഷമ പ്രയാസം കൂട്ടുകയും ദുരിതം വർദ്ധിപ്പിക്കുകയും ചെയ്യും. സന്തോഷം പിടിതരാതെ അകന്ന് പോകുക എന്നതായിരിക്കും അതിന്റെ മറ്റൊരു ഫലം.
എന്നാല്‍ മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച ഒരു കാര്യമാണ് ധാർമിക ബോധം അത് അവനിൽ എല്ലായ്പ്പോഴും ഉണ്ട്. തെറ്റുചെയ്യുമ്പോള്‍ അവനെ ആക്ഷേപിക്കുകയും നന്മ ചെയ്യുമ്പോൾ അവനിൽ സന്തോഷം നിറക്കുകയും ചെയ്യുന്നത് അതാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ക്ക് സന്തോഷം കിട്ടാകനിയായിരിക്കും.

കച്ചവടത്തിൽ വലിയ ഒരു തിരിച്ചടി നേരിട്ടപ്പോൾ നിലവിലെ ബിസിനസ് തകർന്നപ്പോൾ ഇതിൽ എനിക്ക് എന്തോ നന്മയുണ്ട് എന്ന് ചിന്തിക്കാൻ കഴിയുക. സംഭവിച്ച കാര്യങ്ങൾ നല്ലതിനായിരിക്കും എന്നും തനിക്ക് കൂടുതൽ നന്മ വരാനുണ്ടെന്നും ഞാനതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കുക. ഇത് നമ്മെ വിജയത്തിലേക്ക് നയിക്കും
തങ്ങൾക്ക് നല്‍കപ്പെട്ടതെന്തോ അത് അതുപോലെ തിരിച്ചുനല്‍ക്കുക എന്ന ഒരു പ്രകൃതം ജീവികളിലൊക്കെയുണ്ട്. മനുഷ്യനിൽ പ്രത്യേകമുണ്ട്. അവ നിയന്ത്രിക്കുകയും വിവേചനത്തോടെ നല്ലത് നല്‍കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അവന്റെ പ്രത്യേകത കാണിക്കുന്നത്. അതിനാല്‍ നാം അത് ഒരു തത്വമായി സ്വീകരിക്കുക. മറ്റുള്ളവരില്‍ നിന്ന് നാം പുഞ്ചിരിയും നല്ല വാക്കുകളും പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കുകയും നാം അത് അവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ എന്ത് ഔദാര്യമാണ് അവരോട് കാണിച്ചിട്ടുള്ളത് എന്നാലോചിക്കുക. നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നല്ല പെരുമാറ്റത്തില്‍ കൂടിയാണ് കുടികൊള്ളുന്നത് എന്ന് മനസ്സിലാക്കുക.
നേരത്തെ പറഞ്ഞ ശുഭാപ്തിവിശ്വാസത്തിന്റെ ഒരു ഭാഗമാണിത്. അതിൽ ഭാവിയെക്കുറിച്ചുള്ള ഒരു പ്രതീക്ഷകൂടിയുണ്ട്. പലപ്പോഴും മനുഷ്യന്‍ നിരാശനാകുന്നത് സംഭവിച്ചു കഴിഞ്ഞ ദുരിതങ്ങളെ ഓർത്തുകൊണ്ടാണ്. അവിടെ ഇത്തരം ഒരു വിശ്വാസം ആ പ്രയാസം മറികടക്കാൻ മനുഷ്യനെ സഹായിക്കും.

ഭൂമിയിൽ കാര്യങ്ങൾ അന്തിമമായി സംഭവിക്കുന്നത് മനുഷ്യ ഇഛ അനുസരിച്ചല്ല എന്നത് ഒരു വസ്തുത മാത്രമാണ്. ഏത് അധികാര സ്ഥാനത്താണെങ്കിലും അവരൊക്കെ നാളെ എന്ത് സംഭവിക്കും എന്നറിയാത്ത നിസ്സഹായനായ മനുഷ്യനാണ്. അതേ സമയം കാര്യങ്ങൾ താളം തെറ്റാതെ പിടിച്ച് നിർത്തുന്ന ഒരു അധികാര ശക്തിയുടെ സാനിദ്ധ്യം നാം അനുഭവിക്കുന്നു. ആ ശക്തിയുടെ തീരുമാനപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് വിശ്വസിക്കുന്ന പക്ഷം അത് ഉണ്ടാക്കുന്ന പ്രതികരണം കുറച്ചൊന്നുമല്ല.
അവലംബം ഗുരുവചനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button