ചെന്നൈ: വിമാനത്തിലെ ഭക്ഷണം മോഷ്ടിച്ചതിന് എയര്‍ ഇന്ത്യാ ക്രൂ അംഗം പിടിയില്‍. കൊളംബോയില്‍ നിന്നും ചെന്നൈയിലിറങ്ങിയ എഐ 274 വിമാനത്തിലെ ജീവനക്കാരിയാണ് മോഷണത്തിന് പിടിയിലായത്.
ജനുവരി 27-ന് എയര്‍ ഇന്ത്യയുടെ വിജിലന്‍സ് വിഭാഗത്തിന് മോഷണം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് ജീവനക്കാരി പിടിയിലായത്. ജീവനക്കാരിയുടെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പാല്‍ പാക്കറ്റുകള്‍, കോഫീ ബോക്‌സ്, വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കാനുള്ള ഭക്ഷണം, ജ്യൂസ് പാക്കറ്റുകള്‍, കശുവണ്ടിപ്പരിപ്പ് തുടങ്ങി വിസ്‌കി ബോട്ടിലുകള്‍ വരെ ഇവരുടെ ബാഗില്‍ ഒളിപ്പിച്ചിരുന്നു.
വിമാനത്തിനുള്ളില്‍ വെച്ച് കയ്യില്‍ ഒതുക്കാവുന്ന എല്ലാം അവര്‍ എടുത്തതായാണ് മനസിലാക്കുന്നതെന്ന് എയര്‍ ഇന്ത്യയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ക്രൂ അംഗത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹാനി അറിയിച്ചു.
Post Your Comments