Prathikarana Vedhi

അധികാരമില്ലെങ്കിൽ എന്തിനാണു യുവർ ഓണർ,ഈ ‘ഉമ്മാക്കി വിജിലൻസ്’?

 അഡ്വ. അനിൽ ഐക്കര.

കുറ്റവാളികൾക്ക് പുതിയൊരു സാധ്യത കൂടി തുറന്നു കൊടുത്തു കൊണ്ട് കേരള ഉന്നത നീതിപീഠം പുതിയൊരു പ്രവണത തുറന്നു കൊടുത്തിരിക്കുകയാണ് – ‘എഫ് ഐ ആർ സ്റ്റേ! ‘. നീതിപീഠത്തിന്റെ ചരിത്രത്തിലിന്നു വരെ ഉണ്ടായിട്ടില്ലാത്ത ഒരു കാര്യമാണിന്നു സംഭവിച്ചിരിക്കുന്നത്. പോരാഞ്ഞിട്ട് ഉത്തരവിട്ട ജഡ്ജിനെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്യുമെന്നൊരു ഭീഷണിയും, അദ്ദേഹത്തെക്കൊണ്ട് സ്വയം രാജി വയ്പിക്കുന്നതിനു വഴിതെളിച്ചു കൊണ്ട് ബഹുമാനപ്പെട്ട ഹൈക്കോടതി നടപ്പിലാക്കിയിരിക്കുന്നു. അദ്ദേഹം രാജിവച്ച് പുറത്തു പോകുന്നതോടെ കേരള ജുഡീഷ്യറിയുടെ മുഖത്ത് ഒരു പിടി ചാണകം വാരി പതിപ്പിക്കുകയാണു ചെയ്യുന്നത്, അതിനു അദ്ദേഹത്തെ കേരള ജനത ഇന്നല്ലെങ്കിൽ നാളെ നെഞ്ചേറ്റുമെന്നുറപ്പാണ്.
ആദ്യമായി എന്താണൊരു വിജിലൻസ് ജഡ്ജിന്റെ അധികാരമെന്ന് മനസ്സിലാക്കൂ. ഒരു വിജിലൻസ് ജഡ്ജ് 1988 ലെ അഴിമതി നിരോധന നിയമപ്രകാരമാണ് അധികാരത്തിൽ വരുന്നത്. അഴിമതി നിരോധന നിയമം നടപ്പിലാക്കിയിരിക്കുന്നതാവട്ടെ ക്രിമിനൽ നടപടി നിയമം കൂടി ബാധകമാക്കിക്കൊണ്ടുമാണ്. അങ്ങനെയാണ് മിക്കവാറും എല്ലാ ക്രിമിനൽ പീനൽ നിയമങ്ങളും നടപടികളും വരാറുള്ളത്. ഈ നിയമത്തിന്റെ അഞ്ചാം വകുപ്പിൽ ഒരു വിജിലൻസ് ജഡ്ജിന്റെ അധികാരങ്ങളും നടപടികളും എന്തൊക്കെയെന്നു നിർവ്വചിച്ചിട്ടുണ്ട്.

ഇതിൽ ഒരു വിജിലൻസ് ജഡ്ജിനു ഏതൊക്കെ കേസുകൾ എടുക്കാം, വിചാരണ നടത്താം എന്നൊക്കെ പറയുന്നത് അഞ്ചാം വകുപ്പിലാണ്. ഇതിന്റെ അവസാനം 5(4) ഉപവകുപ്പ് പറയുന്നത് ഇപ്രകാരമാകുന്നു. ” പൊതുവായിട്ടുള്ള ക്രിമിനൽ നടപടി ചട്ടങ്ങളിലെ വകുപ്പുകൾ എന്തൊക്കെ പറഞ്ഞാലും ക്രിമിനൽ നടപടി ചട്ടങ്ങളനുസരിച്ചാവും ‘വിജിലൻസ് ജഡ്ജ്’ അഥവാ ‘സ്പെഷ്യൽ ജഡ്ജ്’ പ്രവർത്തിക്കേണ്ടത്, ഇക്കാര്യങ്ങളിൽ സ്പെഷ്യൽ ജഡ്ജിനെ ഒരു മജിസ്റ്റ്രേട്ട് എന്നു കരുതാവുന്നതാണ്!”

{THE PREVENTION OF CORRUPTION ACT, 1988 [Act No. 49 of 1988 dated 9th. September, 1988]5. Procedure and powers of special Judge .
5(4) In particular and without prejudice to the generality of the provisions contained in subsection (3), the provisions of sections 326 and 475 of the Code of Criminal Procedure, 1973, shall, so for as may be, apply to the proceedings before a special Judge and for the purposes of the said provisions, a special Judge shall be deemed to be a Magistrate.}

ഇനി ക്രിമിനൽ നടപടി ചട്ടം ഒരു മജിസ്റ്റ്രേട്ടിനു അനുശാസിക്കുന്ന അധികാരം എന്തെന്നു നോക്കുമ്പോൾ വിജിലൻസ് ജഡ്ജ് മുഖ്യമന്ത്രിയ്ക്കും ആര്യാടൻ മുഹമ്മദിനും എതിരെ കേസെടുക്കുവാൻ ഉത്തരവു നൽകിയതിൽ എന്താണു തെറ്റെന്നു സംശയം തോന്നിയാൽ കുറ്റം പറയുവാനാവില്ല.

ക്രിമിനൽ നടപടി നിയമം 156(3) പ്രകാരമാണ് ഒരു കേസിൽ തനിക്കു മുന്നിലെത്തുന്ന കാര്യത്തിൽ ഒരു മജിസ്റ്റ്രേട്ട് ഉത്തരവു പുറപ്പെടുവിക്കേണ്ടത്. സരിതയുടെ ആരോപണത്തിന്മേൽ വിജിലൻസ് ജഡ്ജ് ഉത്തരവ് നൽകിയതും ഈ അധികാരം ഉപയോഗിച്ചാണ്. ശരിയാണ്, വേണമെങ്കിൽ ഈ അധികാരം ഉപയോഗിക്കാതിരിക്കാം, അല്ലെങ്കിൽ എങ്ക്വയറിക്ക് വയ്ക്കാം, അതുമല്ലെങ്കിൽ ത്ല്ലിയും കളയാം..എന്നു കരുതി അന്വേഷണത്തിനു ഉത്തരവു നൽകുന്നതിനെ വിവരമില്ലായ്മെയെന്നൊക്കെ ഒരു ഹൈക്കോടതി ജഡ്ജ് വിളിക്കുമ്പോൾ എവിടെയോ എന്തോ തെറ്റുന്നുണ്ടെന്നു നമുക്കു തോന്നാവുന്നതല്ലേ..?ഒരു സാധാരണക്കാരനാണൂ ഈ ദുരവസ്ഥ വന്നതെങ്കിൽ ഏതെങ്കിലും ഹൈക്കോടതി ജഡ്ജ് ഇത്ര ഹൃദയപൂർവ്വം വാർത്തകൾക്ക് തലക്കെട്ടാകുവാൻ മാത്രം വിമർശനങ്ങൾ ഉന്നയിക്കുമോ?
ക്രിമിനൽ നിയമ നടപടി വകുപ്പ് 156(3) പ്രകാരം ഒരു പോലീസ് ഓഫീസർക്ക് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാമെന്നു അധികാരപ്പെടുത്തിയിരിക്കുന്ന വകുപ്പിലെ മൂന്നാം ഉപവകുപ്പാണ് ഇത്തരം സാഹചര്യങ്ങളിൽ ഓരോ പരാതിക്കാരനും ഉപയോഗിക്കാറുള്ളത്.

156. കേസുകൾ അന്വേഷണം നടത്തുവാൻ പൊലീസുദ്യോഗസ്ഥനുള്ള അധികാരം – (1) ഒരു പൊലീസ് സ്റ്റേഷന്റെ ചാർജ്ജുള്ള ഉദ്യോഗസ്ഥനു ആ സ്റ്റേഷൻ പരിധിക്കുള്ളിലെ കോഗ്നൈസബിൾ കേസുകളുടെ അന്വേഷണം ഒരു മജിസ്റ്റ്രേട്ടിന്റെ ഉത്തരവ് കൂടാതെ നടത്താവുന്നതാണ്.
(2) ഇത്തരമൊരു നടപടിയും അന്വേഷണ ഘട്ടത്തിൽ അധികാരം നൽകാത്തതാണെന്ന കാരണത്തിന്മെൽ ചോദ്യം ചെയ്യപ്പെടുവാൻ പാടുള്ളതല്ല.
(3) ക്രിമിനൽ നടപടി നിയമം 190 വകുപ്പു പ്രകാരം അധികാരം നൽകപ്പെട്ടിട്ടുള്ള ഏതെങ്കിലുമൊരു മജിസ്റ്റ്രേട്ടിനു മേൽപ്പറഞ്ഞ പ്രകാരമുള്ള അന്വേഷണം നടത്തുവാൻ ഉത്തരവ് നൽകാവുന്നതാണ്!

ഇതിൽ പറയുന്ന മൂന്നാം ഉപവകുപ്പാണ് വിജിലൻസ് ജഡ്ജി ഇക്കാര്യത്തിൽ ഉപയോഗിച്ചിട്ടുള്ളത്. 190 വകുപ്പു പ്രകാരം അധികാരപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കുമ്പോൾ സരിത മറ്റൊരു കമ്മീഷൻ മുമ്പാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണ ഉത്തരവു നൽകുവാൻ വിജിലൻസ് ജഡ്ജിക്ക് അധികാരമുണ്ടെന്നു കാണാം.

190. മജിസ്റ്റ്രേട്ടുമാർ കുറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്നത്:- (1) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മജിസ്റ്റ്രേട്ടിന് ഏതെങ്കിലും കുറ്റം
(എ) അങ്ങനെയുള്ള കുറ്റത്തെ സംബന്ധിച്ച പരാതി ലഭിക്കുന്നതിന്മേലോ,
(ബി)അങ്ങനെയൊരു പോലീസ് റിപ്പോർട്ടിന്മേലോ,
(സി)അങ്ങനെയുള്ള കുറ്റം ചെയ്യപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥനല്ലാത്ത ഏതെങ്കിലും ആളിൽ നിന്ന് കിട്ടിയ വിവരത്തിന്മേലോ, അല്ലെങ്കിൽ തന്റെ സ്വന്തം അറിവിന്മേലോ
– നടപടിയെടുക്കാവുന്നതാണ്!

{Cognizance of offences by Magistrates.

190.Cognizance of offences by Magistrates. (1) Subject to theprovisions of this Chapter, any Magistrate of the first class, and any
Magistrate of the second class specially empowered in this behalfunder sub-section (2), may take cognizance of any offence-
(a) upon receiving a complaint of facts which constitutesuch offence ;
(b) upon a police report of such facts;
(c) upon information received from any person other than apolice officer, or upon his own knowledge, that such offence
has been committed.}

ഇതിൽ നിന്ന് വിജിലൻസ് ജഡ്ജി നടത്തിയത് അത്ര വലിയ അപരാധമൊന്നുമല്ലെന്ന് വ്യക്തമാണല്ലോ. പിന്നെ വേണമെങ്കിൽ അല്പം കൂടി അവധാനത കാട്ടുകയോ, സരിത എന്ന പരാതിക്കാരിയെ കൊണ്ടുവരുന്നതിനു ഉത്തരവ് നൽകുകയോ ഒക്കെ ചെയ്യാമായിരുന്നു എന്നത് മറുവശം. അങ്ങനെയൊക്കെ ചെയ്യണമെന്ന് എവിടെങ്കിലും ഏതെങ്കിലും നിയമജ്ഞന് കാട്ടിത്തരാൻ സാധിക്കുമോ? ഇല്ല എന്നാവും ഉത്തരം. അധികാരമില്ലാതെയല്ല വിജിലൻസ് ജഡ്ജ് പ്രർത്തിച്ചതെന്ന് ഇതിൽ കൂടുതൽ നിയമപരമായ വാദഗതികൾ ആർക്കെങ്കിലും ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ കൂടുതൽ വിധിന്യായങ്ങൾ ഇക്കാര്യത്തിൽ സുലഭമാണ്!

തൽക്കാലം ഇതയും പറഞ്ഞവസാനിപ്പിക്കാം, ഈയിടെയായി ഉന്നത നീതിപീഠങ്ങൾ ഉന്നതരുടെ അഴിമതി അന്വേഷണങ്ങളോട് കാട്ടുന്ന ‘അത്യുന്നത്യ നീതി ബോധം’ താഴെത്തട്ടു കാരോട് കാട്ടുന്നുണ്ടോ എന്നു സംശയമുന്നയിച്ചാൽ അത് കോർട്ടലക്ഷ്യമാകുമോ? ഒരു പാവപ്പെട്ടവൻ നടത്തുന്ന ഉന്തുവണ്ടിയിലെ മുറുക്കാൻ കട പൊളിക്കുന്നതിനു പി ഡബ്ലിയു ദി നൽകിഅ നോട്ടീസിനുള്ള മറുപടിയാണ് ഇതെഴുതുന്നതിനു മുൻപ് ഈയുള്ളവനെഴുതിയ കുറിപ്പ്. അയാൾ കട പോലെ ഒന്ന് അവിടെ സ്ഥാപിച്ച് കഷ്ടപ്പെട്ട് കഴിയുന്നതിനിടയിൽ സ്ഥലത്ത് ഒരു പുതിയ ബിവറേജസ് വിൽപ്പനശാല വന്നു. ഉടൻ സ്ഥലത്ത് വങ്കിട അബ്കാരികളുടെ ഏജന്റ് വന്ന് കയറു കെട്ടി അവർക്ക് അനധികൃത കച്ചവടം തുടങ്ങുന്നതിനുള്ള സ്ഥലം ‘കണ്ടു കെട്ടി!’. ഈ കച്ചവടഹ്ത്തിനു തടസ്സമാണ് ഈ അവശനായ സാധാരണക്കാരന്റെ ഉന്തുവണ്ടിക്കട എന്നറിഞ്ഞപ്പോഴാണത്രെ പി ഡവ്ലിയു ഡിക്ക് ശുഷ്ക്കാന്തി കൂടിയത്! ‘ഞാനീ കടമാറ്റാം, പട്ടിണീ കിടക്കാം, അങ്ങ് ഒരുറപ്പ് നൽകണം, ഇവിടെ മറ്റൊരു കച്ചവടസ്ഥാപനം മറ്റൊരാളും തുടങ്ങില്ലെന്ന് രേഖാമൂലം ഒരു ഉറപ്പു നൽകുമോ..!” ഇതായിരുന്നു ആ സാധാരണക്കാരന്റെ പരിദേവനം. എനിക്ക് ഹൈക്കോടതിയെ സമീപിക്കുവാൻ എന്തെങ്കിലും ആർഗ്ഗമുണ്ടോ സർ എന്ന ചോദ്യത്തിനു മുന്നിൽ പകച്ചിരുന്നിട്ട് അധികനേരമായില്ല. അപ്പോഴാണ് ഒരു ഉത്തരവു നൽകിയതിന്റെ പേരിൽ സ്വയം രാജി വയ്ക്കേണ്ടി വരുന്ന ധർമ്മിഷ്ഠനായ വിജിലൻസ് ജഡ്ജിന്റെ നടപടി വായിച്ചത്. അപ്പോൾ ഇത്രയും എഴുതാതിരിക്കുവാനാവില്ല, എനിക്ക് ഇതിൽ നിന്നുണ്ടാകാവുന്ന ഒരേയൊരു നേട്ടം എന്റെ ജീവിതത്തിലോ, കുടുംബത്തിലോ വ്യവഹാരങ്ങളിലോ ഇനിയുള്ള എന്തെങ്കിലും സാധ്യതകളെ ഉന്നതാധികാര കേന്ദ്രങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയേക്കുമെന്ന വസ്തുതമാത്രമാണ്. സർ, മിണ്ടാതിരുന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുടെ ആധിക്യം മൂലമാണ് ഇന്നിവിടെയുള്ള എല്ലാ നെറികേടുകളും, എന്നതാണ് അതിനുള്ള ഉത്തരം! ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജ് അങ്ങേയ്ക് ചങ്കൂറ്റമില്ലായിരുന്നെങ്കിൽ ഈ കേസ് ജസ്റ്റിസ് കമാൽ പാഷയെ ഏൽപ്പിക്കാമായിരുന്നില്ലേ?

തലക്കെട്ടിൽ തന്നെ എല്ലാ സംശയങ്ങളൂമൊതുക്കി, ബഹു ഹൈക്കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും ഉള്ളിൽ കാത്ത് സൂക്ഷിച്ച് വിനയ പൂർവ്വം ഒരൊറ്റ ചോദ്യം, ചോദിച്ചോട്ടെ..?”അധികാരമില്ലെങ്കിൽ എന്തിനാണു യുവർ ഓണർ, ഈ ‘ഉമ്മാക്കി വിജിലൻസ്’?”

shortlink

Related Articles

Post Your Comments

Related Articles


Back to top button