അശോക് നാരായൺ
ഇന്നലെ രാവിലെ കോഴിക്കോട് നഗരത്തിലൂടെ ഓഫീസിലേക്കുള്ള യാത്രാമദ്ധ്യേ തികച്ചും യാദൃശ്ചികമായ ഒരു കാഴ്ച്ച നിമഷ നേരം കൊണ്ട് എന്നെ പലതും ചിന്തിപ്പിച്ചു.ഒരു പക്ഷെ വ്യർത്ഥ ചിന്തകളുടെ തള്ളിക്കയറ്റം കൊണ്ടാവാം സാധാരണ ഏതൊരാളെയും പോലെ ഞാനും,അതെല്ലാം അവഗണിച്ചു കൊണ്ട് എന്റെ ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു .പക്ഷെ ആ മുഖങ്ങളിലെ ദൈന്യതയാണോ,അതോ എന്റെ മനസിന്റെ ആർദ്രതയാണോ എന്നറിയില്ല അവരിലേക്ക് കഴിയുന്ന തോതിൽ ഒരു സഹായം എത്തിക്കുവാൻ എന്നെ പ്രേരിപ്പിച്ചത്.മറ്റൊന്നും ആലോചിക്കാതെ ബൈക്ക് തിരിച്ച് അവർക്ക് സമീപമെത്തി.അവശയായ ഭാര്യയേയും കൊണ്ട് യാത്ര തുടരുന്ന ആ വൃദ്ധന്റെ രൂപം വീണ്ടും എന്നെ നൊമ്പരപെടുത്തി.എനിക്ക് കഴിയുന്ന ഒരു തുക അവർക്ക് നേരെ നീട്ടി.തൊഴു കൈകളോടെ ആ വൃദ്ധൻ അതു സ്വീകരിച്ചു.മടങ്ങുന്നതിനു മുൻപ് അവരെ കുറിച്ച് എന്തെങ്കിലും ഒന്ന് ചോദിക്കാതിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല.എന്റെ കുശലഅന്വേഷണത്തിന് മറുപടി തരുമ്പോൾ പലപ്പോഴും ആ വൃദ്ധന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.ഭാര്യയുടെ അസുഖത്തിനു ഇവിടെ ആര്യ വൈദ്യ ശാലയില്‍ സൌജന്യ ചികിത്സ ലഭിക്കുമെന്ന് അറിഞ്ഞു മധുരയിൽ നിന്നും എത്തിയതാണത്രെ അവൻ.മാനസീക വളർച്ച കുറഞ്ഞ മകനാണ് കൂടെ ഉള്ളത്. ഇവിടെ ഭാഷയോ, സ്ഥലങ്ങളോ അറിയാതെ അലയുവാൻ തുടങ്ങിയിട്ട് മൂന്നു നാളായി.കഴിഞ്ഞ രാത്രിയില്‍ കോഴിക്കോട് ബസ്‌സ്റ്റാന്റിൽ വച്ച് രാത്രിയില്‍ പോലീസ് മർദ്ദിക്കുകയും ചെയ്തതായി ആ വൃദ്ധൻ പറഞ്ഞു.അവരെ ആശ്വസിപ്പിച്ചു ഭക്ഷണം വാങ്ങി കൊടുത്ത ശേഷം കൂടുതൽ വിവരങ്ങൾ ആരാഞ്ഞു.ഇദ്ദേഹം മരപ്പണിയിൽ വിദ ഗ്ദ്ധനാനെന്നും എന്നാൽ ഭാര്യക്ക് പരസഹായം കൂടാതെ കഴിയാത്തതിനാൽ ജോലിക്ക് പോകാൻ കഴിയില്ലെന്നും എന്നോട് പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ഇവിടെ ആര്യ വൈദ്യ ശാലയുമായി ബന്ധപ്പെട്ടപ്പോള്‍ സൌജന്യ ചികിത്സകൾ എല്ലാം കോട്ടക്കല്‍ മാത്രമേ ഉള്ളൂ എന്നാണു അറിയുവാൻ കഴിഞ്ഞത്.അവിടേക്ക് എത്തണമെങ്കിൽ ഇവർക്ക് ആംബുലൻസ് ഉണ്ടെങ്കിൽ മാത്രമേ കഴിയൂ.വീൽ ചെയർ ഉള്ളതിനാൽ ബസ് ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നു.ഭാര്യയെ അവിടെ ചികിത്സക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞാൽ ഇദ്ദേഹത്തിനു ഒരു പക്ഷെ ജോലി ചെയ്യുവാനും സാധിചേക്കും.അതിനു അദ്ദേഹം സന്നദ്ധനും ആണ്.നമുക്ക് ആർക്കെങ്കിലും ഏതെങ്കിലും രീതിയിൽ ഇവരെ സഹായിക്കുവാൻ കഴിയുമെങ്കിൽ ദയവായി ശ്രമിക്കുക.ഇവർ ഇപ്പോൾ കോഴിക്കോട് ആണ് ഉള്ളത്.
സ്വന്തം പങ്കാളിയുടെ തൊലി ഒന്ന് ചുളുങ്ങിയാൽ ..നിറം ഒന്ന് മങ്ങിയാൽ ..പര ശരീരം തേടുന്ന സ്ഥിരം കാഴ്ചകൾക്ക് നടുവിൽ ഇത്തരം അകമഴിഞ്ഞ സ്നേഹത്തിന്റെ പ്രതീകങ്ങളെ നാം കാണാതെ പോകരുത്
Post Your Comments