മുംബൈ: ഉപേക്ഷിക്കപ്പെടുന്ന എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. എ.ടി.എം കാര്‍ഡുപയോഗിച്ച് തട്ടിപ്പ് നടത്തുന്ന എന്ന പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മുംബൈ പോലീസിന് ഞെട്ടിക്കുന്ന ഈ വിവരം ലഭിച്ചത്.
ദാദര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പരാതിയെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട നാസിര്‍ അന്‍സാരി എന്നയാളാണ് ഈ വിവരം വെളിപ്പെടുത്തിയത്. ചെമ്പൂരിലെ എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നുവെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള പരാതി. എ.ടി.എമ്മില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചായിരുന്നു അന്‍സാരിയെ കുടിുക്കിയത്. കഴിഞ്ഞദിവസം രാത്രി സിദ്ധി വിനായക ക്ഷേത്രത്തിന് സമീപത്തുള്ള ഐഡിബിഐ ബാങ്ക് എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ യുവാവിനെ കൗണ്ടറിലെ സുരക്ഷാ ഗാര്‍ഡ് തിരിച്ചറിയുകയായിരുന്നു.
ആളുകള്‍ ഉപേക്ഷിക്കുന്ന കാര്‍ഡുകള്‍ ശേഖരിച്ച് പ്രത്യേക ഒപ്റ്റിക്കല്‍ റീഡര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ വിവരങ്ങള്‍ മായ്ച്ചു കളയും. ഇവയിലേക്ക് പിന്നീട് മറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തും. ഇങ്ങനെ ചെയ്യുന്നതിന് ബാങ്കിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചിട്ടുണ്ടാവാം എന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇത്തരം കാര്‍ഡുകളുപയോഗിച്ച് 25-ഓളം ഇടപാടുകള്‍ അന്‍സാരി നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Post Your Comments