Kerala

ടി.പി ശ്രീനിവാസന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ സി.പി.എം ക്ഷമ ചോദിച്ചു

തിരുവനന്തപുരം : ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിക്കുന്നതായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും എസ്.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ വി.പി സാനുവും അറിയിച്ചു.

ശ്രീനിവാസനെ ആക്രമിച്ച പ്രവര്‍ത്തകനെതിരെ നടപടിയുണ്ടാകുമെന്നും എസ്.എഫ്.ഐ പറഞ്ഞു. എന്നാല്‍ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനാണ് ടി.പി ശ്രീനിവാസനെ യു.ഡി.എഫ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ശ്രീനിവാസന്‍ വിദ്യാഭ്യാസ വിചക്ഷണനല്ല, നയതന്ത്രജ്ഞനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ഏറ്റവും അപലപനീയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. സംഭവത്തില്‍ സി.പി.എം ക്ഷമ ചോദിക്കുകയാണ് വേണ്ടത്. പോലീസിന് വീഴ്ചപറ്റിയെന്ന ശ്രീനിവാസന്റെ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശ്രീനിവാസനെ കയ്യേറ്റം ചെയ്ത നടപടിയെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും അപലപിച്ചു.

shortlink

Post Your Comments


Back to top button