Cinema

ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം: റസൂല്‍ പൂക്കുട്ടിയ്ക്ക് രണ്ട് നോമിനേഷനുകള്‍

 ഓസ്കാറിലൂടെ ഇന്ത്യയുടേയും മലയാളിയുടേയും അഭിമാനം വാനോളമുയര്‍ത്തിയ റസൂല്‍ പൂക്കുട്ടിയ്ക്ക് ചലച്ചിത്രങ്ങളിലെയും ഡോക്യുമെന്ററികളിലെയും ഷോർട്ട് ഫിലിമുകളിലെയും ശബ്ദമിശ്രണത്തിനുള്ള പ്രശസ്തമായ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് രണ്ട് നോമിനേഷനുകള്‍ ലഭിച്ചു. ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്‍ററിയുടേയും അണ്‍ഫ്രീഡം എന്ന ഫീച്ചര്‍ഫിലിമിന്റെയും ശബ്ദമിശ്രണത്തിനാണ് നോമിനേഷനുകള്‍. റസൂല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

63 ാം ഗോള്‍ഡന്‍ റീല്‍ അവാര്‍ഡിന് തനിക്ക് ലഭിച്ച നോമിനേഷനുകള്‍ നിര്‍ഭയ കേസിലെ ജ്യോതിയുടെ ആത്മാവിന് സമര്‍പ്പിക്കുന്നതായി റസൂല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയ എന്ന ജ്യോതിയുടെ കഥ പറയുന്ന ഡോക്യുമെന്‍ററിയാണ് ഇന്ത്യാസ് ഡോട്ടര്‍. ലെസ്‍ലീ ഉഡ്‍വിനെന്ന ബ്രിട്ടിഷ് സംവിധായികയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര വേദികളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.

മാഡ് മാക്സ്, സ്റ്റാർ വാർസ്: ദി ഫോഴ്സ് അവേക്കൻസ്, റവനൻറ്, കോംപ്ടൺ, ത്രോൺസ് എന്നിവയാണ് ഏറ്റവുമധികം മോഷൻ പിക്‌ചേഴ്‌സ് സൗണ്ട് എഡിറ്റേഴ്സ് അവാർ‍ഡിലെ ഭൂരിഭാഗം നോമിനേഷനുകളും കൈയ്യടക്കിയിരിക്കുന്നത്. അടുത്തമാസം 27 നാണ് അവാര്‍ഡ് പ്രഖ്യാപനം.

2009 ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന്റെ ശബ്ദമിശ്രത്തിലൂടെ ആദ്യമായി ഓസ്‌കാര്‍ നേടുന്ന മലയാളിയാണ് റസൂല്‍ പൂക്കുട്ടി. കൊല്ലം ജില്ലയിലെ വിളക്കുപാറ സ്വദേശിയാണ്.

shortlink

Post Your Comments


Back to top button