തിരുവനന്തപുരം : മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും സോളാര്‍ അഴിമതിക്കേസില്‍ കൈക്കൂലി വാങ്ങി എന്ന വെളിപ്പെടുത്തല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഇരുവരും തല്‍സ്ഥാനങ്ങള്‍ അടിയന്തരമായി രാജിവയ്‌ക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.
സോളാര്‍ അഴിമതിക്കേസില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവച്ച കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയായിരിക്കുന്നു എന്ന് വ്യക്തമാകുന്ന മൊഴികളാണ് സോളാര്‍ കമ്മീഷനു മുമ്പാകെ വന്നിരിക്കുന്നത്. ശ്രീധരന്‍നായരെ കണ്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് കള്ളമായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് കൈക്കൂലി കൈപ്പറ്റി എന്ന ആരോപണം കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഉയര്‍ന്നുവരാത്തതാണ്. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും പണം കൈപ്പറ്റി എന്ന കാര്യവും സോളാര്‍ കമ്മീഷനു മുമ്പാകെ ഉയര്‍ന്നുവന്നിരിക്കുകയാണ്.
കേരളത്തിന്റെ ഉന്നതമായ രാഷ്‌ട്രീയ സംസ്‌കാരത്തെ ഇല്ലാതാക്കുന്നതും ലോകത്തിനു മുമ്പാകെ കേരള ജനതയെ നാണംകെടുത്തുന്ന സംഭവഗതികളാണ് ഉണ്ടായിരിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരായി യു.ഡി.എഫ് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനുവരി 29-ാം തീയതി തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വൈകുന്നേരം എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. പ്രസ്‌തുത പരിപാടി വിജയിപ്പിക്കാന്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്നും വൈക്കം വിശ്വന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Post Your Comments