India

ഒഡിഷയില്‍ വിദേശ പൗരന്മാരെ കാണാനില്ല: പോലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഭുവനേശ്വര്‍:ഇറാഖി പൗരന്മാരെന്ന് കരുതുന്ന നാല് പേരെ കാണാതായതിനെത്തുടര്‍ന്ന് ഒഡിഷയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഭുവനേശ്വര്‍ ആര്യമഹല്‍ ഹോട്ടലില്‍ കഴിഞ്ഞദിവസമെത്തിയ നാലുപേരുടെ സംശയകരമായ പെരുമാറ്റവും തിരോധാനവുമാണ് ജാഗര്താ നിര്‍ദ്ദേശത്തിന് പിന്നില്‍.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇറാഖി പൗരന്മാരെന്ന് സ്വയം പരിചയപ്പെടുത്തിയ നാലുപേര്‍ ആര്യമഹലില്‍ മുറി തേടിയെത്തിയത്. ഒരു ഡല്‍ഹി രജിസ്‌ട്രേഷന്‍ കാറിലെത്തിയ ഇവരില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുന്ന ഒരാളാണ് റൂം ആവശ്യപ്പെട്ടത്. മറ്റുള്ളവര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ത്തന്നെ ഇരിക്കുകയായിരുന്നു. റൂം അനുവദിക്കണമെങ്കില്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ കാണിക്കണമെന്നാവശ്യപ്പെട്ടതോടെ ഇയാള്‍ പുറത്തേക്ക് പോയി. ഇതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചെങ്കിലും തങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ അവര്‍ പോയെന്ന് ഡി.ജി.പി ബി.കെ.സിംഗ് അറിയിച്ചു.

കാണാതായവര്‍ക്കായി പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടല്‍ റിസപ്ഷനിലെ സിസിടിവി ക്യാമറയില്‍ നിന്ന് റൂം ആവശ്യപ്പെട്ടയാളുടെയും കാറിന്റേയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

നാല്‍വര്‍ സംഘത്തേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് പോലീസ് മേധാവി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button