കൊലപാതകി ബൈക്കുടമ രാജേഷല്ല : കൊലപാതകത്തിന് പിന്നില്‍ പ്രണയനൈരാശ്യം
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്നുരാവിലെ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് പോലീസ് സംശയിക്കുന്നയാളെ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയായ ഷിജു(27)വാണ് കൊല്ലത്തെ ഒരു ലോഡ്ജില്‍ വച്ച് മൂന്നരയോടെ ആത്മഹത്യക്ക് ശ്രമിച്ചത്. ഇരു കൈകളിലേയും ഞരമ്പുകളറുത്തും പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി കഴിച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഏഴുമണിയോടടുപ്പിച്ചാണ് ഷിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ ക്യാഷ്വാലിറ്റിയിലും സര്‍ജറിയിലും ഓര്‍ത്തോപീഡിക്സിലും ചികിത്സയിലാണ് ഷിജു. ഗുരുതരമായ അവസ്ഥയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.
വെഞ്ഞാറമൂട് പുല്ലമ്പാറപാലാക്കോണം സ്വദേശി ശശിധരന് നായരുടെ മകള്‍ സൂര്യാ എസ്.നായര്‍ (26) നെയാണ് ആറ്റിങ്ങല്‍ ബസ് സ്റ്റന്‍ഡിനു സമീപത്തെ ആദിത്യ ജൂവലറിക്ക് സമീപമുള്ള ഇടറോഡില്‍ കഴുത്തില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് രക്തം പുരണ്ട കത്തിയുമായി ഒരാള്‍ ഓടി മറയുന്നത് കണ്ടതായി വഴിയാത്രക്കാര്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി രക്തം പുരണ്ട നിലയില്‍ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയായ ഷിജുവിനെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ ലോഡ്ജില്‍ നിന്നും കണ്ടെത്തിയത്.
ഷിജുവും സൂര്യയും കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. സൂര്യയുടെ മറ്റു പ്രണയങ്ങളെ ചൊല്ലി ഷിജുവിനെ സുഹൃത്തുക്കള്‍ കളിയാക്കിയിരുന്നു. ഇതില്‍ ഷിജു അസ്വസ്ഥനായിരുന്നു. ഇതില്‍ നിന്നും സൂര്യയെ പിന്തിരിപ്പിക്കാന് ഷിജു ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു. രാവിലെ സൂര്യയും ഷിജുവും ബസിലാണ് ആറ്റിങ്ങലില്‍ വന്നിറങ്ങിയത്. കൂട്ടുകാരിയുടെ വിവാഹത്തിന് പോകുന്നു എന്ന് പറഞ്ഞാണ് പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ നഴ്സ് ആയിരുന്ന സൂര്യ വീട്ടില്‍ നിന്നിറങ്ങിയത്. ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ഇരുവരും ഇടവഴിയിലൂടെ നടക്കുന്നതിനിടെ വാക്ക് തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഷിജു തന്റെ പക്കല്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സൂര്യയെ കഴുത്തില്‍ വെട്ടുകയുമായിരുന്നു. പിന്നില്‍ നിന്ന് വെട്ടിയ വെട്ടില്‍ സൂര്യയുടെ മുടിയടക്കം അറ്റുവീഴുകയായിരുന്നു.
കൊലപാതകം നടത്താന്‍ ഷിജു നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു എന്നാണ് വിവരം. ഇക്കാര്യം പറയുന്ന ഷിജുവിന്റെ ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും ഉടമസ്ഥതനില്ലാത്ത നിലയില്‍ ഒരു ബൈക്ക് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജേഷ് എന്നയാളുടെ ബൈക്ക് ആണിതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേഷ് എന്നയാളാണ് കൊലപാതകിയെന്ന് പോലീസ് ആദ്യം നിഗമനത്തിലെത്തിയത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
Post Your Comments