ന്യൂഡല്‍ഹി: ക്യാബിനില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് പോയ വിമാനമാണ് ( ഐ.ഐ 137) ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
167 യാത്രക്കാരുമായി ബോയിംഗ് 787-8 ഡ്രീംലൈനര്‍ ഇനത്തില്‍പ്പെട്ട വിമാനം ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോഴാണ് ക്യാബിനില്‍ പുക പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ് അനുമതി തേടുകയായിരുന്നു. 4.40 ഓടെ വിമാനം സുരക്ഷിതമായി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മിലാനിലേക്ക് കൊണ്ടുപോകുമെന്നും എയര്‍ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം, വ്യാജബോംബ് ഭീഷണിയെത്തുടര്‍ന്ന് കാത്മണ്ടുവിലേക്ക് പോകേണ്ട ജെറ്റ് എയര്‍വേയ്സ് വിമാനം റദ്ദാക്കിയിരുന്നു. ഇത് ഒരാഴ്ചക്കിടെ മൂന്നാമത്തെ വിമാനമാണ് ഡല്‍ഹിയില്‍ അടിയന്തിരമായി തിരിച്ചിറക്കുന്നത്. മൂന്ന് ദിവസം മുന്‍പ് 150 യാത്രക്കാരുമായി ഭുവനേശ്വറില്‍ മുംബൈയിലേക്ക് പോയ ഗോ എയര്‍ വിമാനം അജ്ഞാത ബോംബ് ഭീഷണിയെത്തുടര്‍ന്ന് അടിയന്തിരമായി ഡല്‍ഹിയില്‍ ഇറക്കിയിരുന്നു.
Post Your Comments