തിരുവനന്തപുരം: മുസ്ലീം സമുദായാംഗങ്ങളുടെ ഇമെയില്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു എന്ന വ്യാജ ആരോപണത്തിന്റെ കേസിലെ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ചു മാധ്യമ പ്രവര്‍ത്തകരടക്കം കേസില്‍ എട്ടു പ്രതികള്‍ ആണുള്ളത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി .ആര്‍. ജയശങ്കറാണ് ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പോലീസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലില്‍ എസ് ഐ ആയിരുന്ന ബിജു സലിം, മുന്‍ ജില്ലാ എച്ച്.എം.ഒ (ഹോമിയോ മെഡിക്കല്‍ ഓഫീസര്‍) ഡോ. ദസ്തകീര്‍ , അഡ്വക്കേറ്റ് ഷാനവാസ്, മാധ്യമം വാരികയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ വിജു വി നായര്‍, മാധ്യമം വാരികയുടെ ചീഫ് എഡിറ്റര്‍ അബ്ദു റഹ്മാന്‍, എഡിറ്റര്‍ മുഹമ്മദ് (പി കെ പാറക്കടവ് ), ഇന്ത്യാവിഷന്‍ ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ എം പി ബഷീര്‍, ചീഫ് റിപ്പോര്‍ട്ടര്‍ മനു ഭരത്,എന്നിവരാണ് പ്രതികള്‍. ബിജു സലിം ഹൈടെക് സെല്ലില്‍ നിന്നും ഇമെയില്‍ വിലാസം അടങ്ങുന്ന രേഖകള്‍ ചോര്‍ത്തിയെന്നും, ഈ രേഖകള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് സമൂഹത്തില്‍ മതപരമായ വിഘടനം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നുമാണ് കേസ്.
268 പേരുടെ ഇമെയില്‍ സന്ദേശങ്ങള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചുള്ള കത്താണ് ഇയാള്‍ ചോര്‍ത്തിയത്. അത് തന്നെ മറ്റു സമുദായാംഗങ്ങളുടെ ഈമൈല്‍ വിലാസങ്ങള്‍ മായ്ച്ചു കളഞ്ഞ ശേഷം മുസ്ലീം സമുദായാംഗങ്ങളുടെ മാത്രം പ്രസിദ്ധീകരിച്ചിരുന്നു.ഇത് മൂലം മുസ്ലീം സമുദായാം ഗങ്ങളെ സര്‍ക്കാര്‍ പ്രത്യേകം നിരീക്ഷിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ മാധ്യമ വാര്‍ത്ത ഇടയാക്കി. സിമി എന്ന നിരോധിത സംഘടനയും മുന്‍കാല പ്രവര്‍ത്തകരും അനുഭാവികളുമായിരുന്നവര്‍ ആണ് ഡോ. ദസ്തകീര്‍, അഡ്വക്കേറ്റ് ഷാനവാസ് എന്നിവരെന്നു കുറ്റപത്രം ആരോപിക്കുന്നു.
Post Your Comments