International

160 തവണ വിഷപ്പാമ്പുകള്‍ കടിച്ച ഒരു മനുഷ്യന്‍

വാഷിംഗ്ടണ്‍: ഇനിയും പാമ്പുകടി എല്‍ക്കാനായി കാത്തിരിക്കുകയാണ് 160 തവണ വിഷപ്പാമ്പുകളുടെ കടിയേറ്റ ഒരു മനുഷ്യന്‍. ടിം ഫ്രീഡെ എന്ന അമേരിക്കക്കാരന്‍ പറയുന്നത് പാമ്പുകടിക്കുള്ള പ്രതിരോധം കണ്ടെത്തുന്നതുവരെയും മരണം വരെയോ താന്‍ പാമ്പ് കടിയേല്‍ക്കുന്നത് തുടരുമെന്നാണ്. പാമ്പുവളര്‍ത്തല്‍ കേന്ദ്രം നടത്തുകയാണ് അമേരിക്കയിലെ വിസ്‌കന്‍സിന്‍ സ്വദേശിയായ ഫ്രിഡെ. ഫ്രിഡെ പാമ്പുകടി ഏല്‍ക്കാന്‍ തുടങ്ങിയത് പാമ്പിന്‍ വിഷത്തിന് ശരിയായ പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനും സ്വയം പ്രതിരോധം ആര്‍ജ്ജിക്കുന്നതിനുമായാണ്. ഇതിനിടയില്‍ പലതവണ മരണത്തിനടുത്ത് വരെ എത്തി, ജീവിതത്തിലേക്ക് തിരിച്ചെത്തി.

ഫ്രിഡെയ്ക്ക് അടുത്തിടെ കൊടിയ വിഷമുള്ള ബ്ലാക്ക് മാംബ, ടായ്പന്‍ തുടങ്ങിയ പാമ്പുകളുടെ കടിയും ഏറ്റു. ഫ്രിഡെ പറയുന്നത് ആദ്യമൊക്കെ പാമ്പുകടി ഏല്‍ക്കുന്നത് ഏറെ വേദനാജനകമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഒരുതരം സുഖമുള്ള ഏര്‍പ്പാടാണെന്നാണ്. 2011ല്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ ഫ്രിഡെ ഏറെക്കാലം അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ഒരു ഘട്ടത്തില്‍ മരണത്തിനു കീഴടങ്ങി എന്നു കരുതിയ ഫ്രിഡെ വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

പ്രതിവര്‍ഷം ഒരുലക്ഷത്തിലേറെ പേരാണ് പാമ്പുകടിയേറ്റ് മരിയ്ക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി നാലുലക്ഷത്തോളം പേര് കഴിയുന്നുണ്ട്. ഇതിനെതിരെ ശരിയായ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഫ്രിഡെ. 20 വര്‍ഷം നീണ്ട ദാമ്പത്യം ഉപേക്ഷിച്ച് ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ വിവാഹമോചനം നേടിയത് പാമ്പുകള്‍ക്കൊപ്പം സഹവാസം തുടങ്ങിയതോടെയാണ്.

shortlink

Post Your Comments


Back to top button