India

രോഗികള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു: അന്താരാഷ്ട്ര കമ്പനിയുടെ മരുന്നിന് നിരോധനം

തെലങ്കാന: രോഗികള്‍ക്ക് ഭാഗികമായ് കാഴ്ചശക്തി നഷ്ടപ്പെടുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര കമ്പനിയുടെ മരുന്ന് നിരോധിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന റോഷെ എന്ന കമ്പനിയുടെ അവാസ്റ്റിന്‍ എന്ന മരുന്നാണ് ഗുജറാത്തിലും തെലങ്കാനയിലും നിരോധിച്ചിരിക്കുന്നത്. പരിശോധനയ്ക്കായ് രാജ്യമെമ്പാടുമുള്ള സാമ്പിളുകള്‍ ശേഖരിക്കുവാനും ഡ്രഗ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശവും ഉണ്ട്.

ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഗുജറാത്തില്‍ അവാസ്റ്റിന്‍ ഉപയോഗിച്ച 15 രോഗികള്‍ക്ക് ഭാഗികമായ് കാഴ്ചശക്തി നഷ്ടപ്പെട്ടു . തുടര്‍ന്ന് 20 ദിവസത്തേക്ക് മരുന്നിന്റെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാനം തീരുമാനിച്ചു. പിന്നാലെ തെലങ്കാനയിലും അവാസ്റ്റിന്‍ നിരോധിച്ചു. വളരെ അപകടകരമായ അവസ്ഥയാണിതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ, ജി.എന്‍ സിങ് പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ രാജ്യത്തെ എല്ലാ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഗുജറാത്തിലെ സാമ്പിളുകളുടെ പരിശോധനാഫലം രണ്ടാഴ്ചയ്ക്കകം ലഭിക്കും. മരുന്നിന്റെ ഉത്പാദനത്തില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്നറിയാന്‍ നിര്‍മാണശാലകളിലും പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈയൊരു സാഹചര്യത്തെ വളരെ ഗൗരവമായി കാണുന്നുവെന്ന് റോഷെ കമ്പനിയുടെ വക്താവ് പ്രതികരിച്ചു. അധികൃതരുടെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും. സ്ഥാപനത്തിനുള്ളില്‍ ഇത് പരിശോധിക്കാനുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. അവാസ്റ്റിന്‍ ആന്തരിക ഉപയോഗതിനായ് തയാറാക്കിയ ഒന്നല്ല. നിര്‍ദേശിച്ച രീതിയിലാണോ മരുന്ന് ഉപയോഗിച്ചിരിക്കുന്നതെന്നും പരിശോധിക്കേണ്ടതുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. കാഴ്ച ശക്തിക്കുറവ് പരിഹരിക്കാനാണ് പല സ്ഥലങ്ങളിലും അവാസ്റ്റിന്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഈയൊരു ഉപയോഗത്തിനുള്ള അനുവാദം നല്‍കിയിട്ടുമില്ല

shortlink

Post Your Comments


Back to top button