ന്യൂഡല്‍ഹി : പത്താന്‍കോട്ട് വ്യോമത്താവള ആക്രമണത്തിനെതിയ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഗുര്‍ദാസ്പൂര്‍ എസ്.പി സാല്‍വീന്ദര്‍ സിങ്ങിന് ഭീകരരുമായ് ബന്ധമുണ്ടെന്ന സംശയത്തിന് യാതൊരു അടിത്തറയുമില്ലെന്നു ആദ്യ സൂചനകള്‍ . നുണപരിശോധനയിലെ അദ്ദേഹത്തിന്റെ മൊഴികളില്‍ യാതൊരു വൈരുദ്ധ്യവുമില്ലെന്ന് തെളിഞ്ഞിരിക്കുന്നു . ഗുര്‍ദാസ്പൂരിലും അമൃത്സറിലുമുള്ള അദ്ദേഹത്തിന്റെ വീടുകളിലെ തിരച്ചിലിലും യാതൊന്നും കണ്ടെത്താനായില്ല .
ഫോണ്‍വിളി രേഖകളിലും സംശയാസ്പദമായ ഒന്നുമേയില്ല . നുഴഞ്ഞുകയറ്റം നടന്ന മേഖലയില്‍ അപരിചിത കാല്‍പാടുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം മാത്രമാണ് ഇനി ശേഷിക്കുന്നത് . ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സിംഗിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് സംശയത്തിന്റെ മുന അദ്ദേഹത്തിലേക്ക് നീളുവാനുള്ള കാരണം . സുഹൃത്തിനും പാചകക്കാരനുമൊപ്പം അതിര്‍ത്തിയിലെ ഒരു ക്ഷേത്രത്തില്‍ പോയ് മടങ്ങിയ എസ്പിയെ വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു . ഇവരെ വഴിയില്‍ ഉപേക്ഷിച്ച ഭീകരര്‍ ഇതേ ഔദ്യോഗിക വാഹനം ഉപയോഗിച്ചാണ് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത് . സ്വതന്ത്രനായ ശേഷം മേലധികാരികളെയും രഹസ്യാന്വേഷണ വിഭാഗത്തെയും വിവരമറിയിച്ചെങ്കിലും നടപടികള്‍ ഉണ്ടാകാത്തതിനാലാണ് ജനുവരി രണ്ടിന് രാജ്യത്തെ നടുക്കുന്ന ആക്രമണമുണ്ടായത് .
എന്നാല്‍ വിവിധ ഏജന്‍സികളോട് വൈരുദ്ധ്യമുള്ള മൊഴികള്‍ നല്‍കിയതിനാലാണ് എസ്പിയെ സംശയിക്കുവാനുള്ള കാരണം . ഒപ്പമുണ്ടായിരുന്ന പാചകക്കാരന്‍ മദന്‍ലാലിന്റെയും സുഹൃത്ത് രാജേഷ് വെര്‍മ്മയുടെയും മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു . പുതുവര്‍ഷത്തലേന്ന് അതിര്‍ത്തിയിലുള്ള ക്ഷേത്രത്തില്‍ സുരക്ഷാജീവനക്കാരില്ലാതെ യാത്ര ചെയ്തതും സംശയം ഉണര്‍ത്തിയിരുന്നു . അതേസമയം , ഗുര്‍ദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തിഗ്രാമമായ ബാമിയാലില്‍ ഭീകരരുടെ കാല്‍പ്പാടുകള്‍ കണ്ടത് സംബന്ധിച്ച് പരിശോധനകളുടെ ഫലം വരാനിരിക്കുന്നതെയുള്ളൂ . പാക് നിര്‍മ്മിതമായ ഷൂസുകളുടെ പാടാണ് കണ്ടത് . ഇത് നുഴഞ്ഞുകയറ്റത്തെ പറ്റിയുള്ള സംശയങ്ങളെ ഇരട്ടിപ്പിക്കുകയാണ് .
Post Your Comments