Kerala

ജയരാജനെതിരെ കേസ്: ആര്‍.എസ്‌.എസ്‌-കോണ്‍ഗ്രസ്‌ ഗൂഢാലോചനയെന്ന്‍ സി.പി.ഐ (എം)

തിരുവനന്തപുരം : സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കള്ളക്കേസില്‍ കുടുക്കിയത്‌ സംസ്ഥാനത്ത്‌ അരങ്ങേറുന്ന ആര്‍.എസ്‌.എസ്‌-കോണ്‍ഗ്രസ്‌ ഗൂഢാലോചനയുടെ തുടര്‍ച്ചയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

കിഴക്കേ കതിരൂര്‍ മനോജ്‌ വധക്കേസില്‍ 25-ാം പ്രതിയാക്കിയാണ്‌ അന്വേഷണ സംഘം തലശ്ശേരി ജില്ലാ സെഷന്‍സ്‌ കോടതി മുമ്പാകെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. യു.എ.പി.എയിലെ 18, 19 വകുപ്പ്‌ പ്രകാരം ഗൂഢാലോചന കുറ്റമാണ്‌ പ്രധാനമായും ചുമത്തിയിരിക്കുന്നത്‌. അതോടൊപ്പംതന്നെ, മറ്റു പ്രതികള്‍ക്കെതിരായ വകുപ്പുകളും ജയരാജനെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നു.

കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന്‌ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം മുമ്പ്‌ മുന്‍കൂര്‍ ജാമ്യഹര്‍ജി പി. ജയരാജന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനുള്ള ഹര്‍ജി പരിഗണിച്ചപ്പോള്‍ ജയരാജന്‍ പ്രതിയല്ലെന്ന്‌ സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിനു തൊട്ടു പുറകെയാണ്‌ ബി.ജെ.പിയെ തൃപ്‌തിപ്പെടുത്താന്‍ രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ സി.ബി.ഐ നിലപാട്‌ മാറ്റിയത്‌.

2015 മാര്‍ച്ച്‌ 7-ാം തീയതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞതിലപ്പുറം ഒന്നും തന്നെ ഇപ്പോഴത്തെ റിപ്പോര്‍ട്ടില്‍ ഇല്ല എന്നും വ്യക്തമാണ്‌. 212 സാക്ഷികളില്‍ ഒരാള്‍ പോലും ഉന്നയിക്കാത്ത ആക്ഷേപമാണ്‌ ഇപ്പോള്‍ സി.ബി.ഐ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്‌. രണ്ടു ദിവസത്തിനുള്ളില്‍ ഒരു തെളിവും പുതുതായി ലഭിച്ചില്ലെന്നിരിക്കെ ജയരാജനെ കേസില്‍ പ്രതിചേര്‍ത്ത നടപടി ഈ ഏജന്‍സിയിലുള്ള വിശ്വാസം തന്നെ നഷ്‌ടപ്പെടുന്ന തരത്തിലുള്ളതായിരിക്കുകയാണ്‌. സി.ബി.ഐ ആര്‍.എസ്‌.എസ്‌ നിര്‍ദ്ദേശപ്രകാരമാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ ബോധ്യപ്പെടുത്തുന്നതാണ്‌ ഈ നടപടി. 2007 മുതല്‍ സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ അകമ്പടിയോടെയാണ്‌ ജയരാജന്‍ സഞ്ചരിക്കുന്നത്‌. അതുകൊണ്ടുതന്നെ, ഗൂഢാലോചനയില്‍ അദ്ദേഹം പ്രതിയാകുന്നു എന്ന ആരോപണം തന്നെ വസ്‌തുതകള്‍ക്ക്‌ നിരക്കുന്നതല്ല.

ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭഗവതിന്റെ കണ്ണൂര്‍ സന്ദര്‍ശനത്തിനിടെയാണ്‌ അറസ്റ്റിനുള്ള തിരക്കഥ തയ്യാറായത്‌. ഈ കേസ്‌ സി.ബി.ഐക്ക്‌ വിടാന്‍ തീരുമാനിച്ചതും കേസിലെ യു.എ.പി.എ ചുമത്തുന്നതിനുള്ള തീരുമാനങ്ങളെടുത്തതും യു.ഡി.എഫ്‌ സര്‍ക്കാര്‍ തന്നെയാണ്‌. പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ച യു.ഡി.എഫ്‌ സര്‍ക്കാര്‍ സി.പി.ഐ (എം) നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിന്‌ ഒത്താശ ചെയ്യുകയാണ്‌. സി.ബി.ഐ നടപടിയെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി രംഗത്തിറങ്ങിയത്‌ ഇതിനാലാണ്‌. കേരളത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്‌-ബി.ജെ.പി ബാന്ധവത്തിന്റെ മറ്റൊരു തെളിവ്‌ കൂടിയാണ്‌ ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്‌.

പാര്‍ടി കേന്ദ്രങ്ങളെ ആക്രമിച്ച്‌ ദുര്‍ബലപ്പെടുത്തുന്നതിന്‌ കോണ്‍ഗ്രസ്സും ആര്‍.എസ്‌.എസും യോജിച്ച്‌ നടത്തുന്ന ഇടപെടലാണ്‌ സംസ്ഥാനത്തെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ നേമത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ (എം) ന്റെ പ്രവര്‍ത്തകര്‍ക്കു നേരെ തുടര്‍ച്ചയായ ആക്രമണമാണ്‌ ആര്‍.എസ്‌.എസ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍, ഈ അക്രമത്തിന്‌ ഉത്തരവാദികളായ ആര്‍.എസ്‌.എസുകാരെ ആരെയും അറസ്റ്റ്‌ ചെയ്യുന്നതിന്‌ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പാര്‍ടി നേതാക്കളെ അറസ്റ്റ്‌ ചെയ്‌തും ആക്രമണങ്ങള്‍ നടത്തിയും എല്‍.ഡി.എഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹമാണ്‌ ഇത്തരം നീക്കത്തിനു പിന്നിലുള്ളതെന്ന്‌ വ്യക്തമാണ്‌.

ജയരാജനെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച ശക്തികള്‍ ഗൂഢാലോചന നടത്തി അദ്ദേഹത്തെ വീണ്ടും ജയിലിലടയ്‌ക്കാനാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌. പാര്‍ടി നേതാക്കളെ ഗൂഢാലോചനയിലൂടെ ജയിലിലടച്ചാല്‍ പാര്‍ടിയെ തകര്‍ക്കാനാവില്ലെന്ന പഴയകാല അനുഭവങ്ങള്‍ ഇത്തരക്കാര്‍ ഓര്‍ക്കുന്നത്‌ നന്ന്‌. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടിക്കെതിരെ ജനാധിപത്യം പുലരണമെന്ന്‌ ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഒന്നിക്കേണ്ടതുണ്ട്‌. ഈ കേസിനെ പാര്‍ടി രാഷ്‌ട്രീയമായും നിയമപരമായും നേരിടും. ജനാധിപത്യവിരുദ്ധമായ ഈ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട്‌ ജനുവരി 25-ാം തീയതി ഏരിയാകേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്ന്‌ സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button