India

ഭക്ഷ്യസുരക്ഷാ നിയമം ഏപ്രിലില്‍ നിലവില്‍ വരും

ന്യൂഡല്‍ഹി : തമിഴ്നാട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏപ്രില്‍ മാസം മുതല്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നിലവില്‍ വരുമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു . നിലവില്‍ 25 സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കി. കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. കേരളം കൂടാതെ ഗുജറാത്ത്, ജമ്മു കശ്മീര്‍, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, മിസോറാം, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇനി നിയമം നടപ്പിലാക്കാനുള്ളത്. ഇതില്‍ തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഏപ്രിലില്‍ നിയമം പ്രാബല്യത്തില്‍ വരും. തങ്ങള്‍ അധികാരത്തില്‍ കയറുമ്പോള്‍ 11 സംസ്ഥാനങ്ങളിലെ നിയമം നടപ്പാക്കിയിരുന്നുള്ളെന്നും ഇപ്പോള്‍ 25 സംസ്ഥാനങ്ങളിലേക്ക് അതെത്തിച്ചെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

പുതുചേരിയിലും ചണ്ഡിഗഢിലും പരീക്ഷണാടിസ്ഥാനത്തില്‍ ഭക്ഷ്യസബ്സിഡിക്ക് നേരിട്ട് പണം അയക്കുന്ന രീതി ആരംഭിച്ചു . ഉടന്‍ തന്നെ ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേലിയിലും ഈ പദ്ധതി നടപ്പാക്കും. രാജ്യത്തെ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ 19 മാസമായി എടുത്തുവരുന്നതായും പാസ്വാന്‍ അറിയിച്ചു.

2013ല്‍ പാസാക്കിയതാണ് ഈ നിയമം . തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കണം എന്നായിരുന്നു നിര്‍ദേശം . പക്ഷെ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ച് 2015 സെപ്തംബര്‍ വരെ മൂന്നു തവണയോളം നിയമ പ്രബല്യമാക്കുന്നത് മാറ്റി വച്ചിരുന്നു .

shortlink

Post Your Comments


Back to top button