ന്യൂഡല്‍ഹി : ധനമന്ത്രിയായ അരുണ്‍ ജയ്റ്റ്ലിയെ മാറ്റി കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുന്നതായ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . അരുണ്‍ ജയ്റ്റ്ലിക്ക് പകരക്കാരനായ് ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയലിനെ ധനമന്ത്രിയാക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട് .
ബജറ്റ് സമ്മേളനത്തിന് ശേഷമാകാം അഴിച്ചുപണിയെന്നാണ് സൂചന .അടുത്തമാസം 29 ന് പൊതുബജറ്റ് അവതരിപ്പിക്കാനുള്ള തിരക്കിലാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇതിനിടെയാണ് ജയ്റ്റ്ലിയെ ധനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത് . വിദേശവാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സാണ് അരുണ്‍ ജയ്റ്റ്ലിക്ക് സ്ഥാനചലനമുണ്ടാകുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . അരുണ്‍ ജയ്റ്റ്ലിയെ പ്രതിരോധവകുപ്പിലേക്ക് മാറ്റുമെന്നാണ് റോയിറ്റേഴ്സിന്‍റെ റിപ്പോര്‍ട്ട് . ജയ്റ്റ്ലിക്ക് പകരം ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ ധനമന്ത്രാലയത്തിലെത്തും. ചരക്ക് സേവന നികുതി ബില്ല് അടക്കം സര്‍ക്കാരിന്‍റെ സാമ്പത്തിക പരിഷ്കര നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതാണ് അരുണ്‍ ജയ്റ്റ്ലിക്ക് തിരിച്ചടിയായാതെന്നാണ് റിപ്പോര്‍ട്ട്. ജയ്റ്റ്ലി പ്രതിരോധ മന്ത്രിയായാല്‍ നിലവിലെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ഏതുവകുപ്പ് നല്കുമെന്നതിനെ സംബന്ധിച്ച ഒരു വ്യക്തതയുമുണ്ടായിട്ടില്ല . രണ്ടു ഘട്ടമായി മൂന്നു മാസത്തോളം നീളുന്നതാണ് ബജറ്റ് സമ്മേളനം. ബജറ്റ് പാസാക്കിയ ശേഷമാകുമൊ മന്ത്രിസഭയിലെ അഴിച്ചുപണി എന്നത് സംബന്ധിച്ചും ആശയകുഴപ്പമുണ്ട് .
ബിഹാര്‍ തിരഞ്ഞെടുപ്പിനു മുന്‍പാണ് കഴിഞ്ഞ തവണ അഴിച്ചുപണി നടത്തിയത്. ഇപ്പോള്‍ ബിഹാറില്‍ നിന്ന് എട്ട് കേന്ദ്രമന്ത്രിമാരാണുള്ളത്. ഇവരില്‍ ചിലരെ ഒഴിവാക്കി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ചിലരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു . അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ മന്ത്രിസഭയിലെത്തുമെന്നും കരുതപ്പെടുന്നു .
Post Your Comments