തിരുവനന്തപുരം: ജന്മനായുള്ള കാല്‍പാദത്തിന്റെ വളവ് (ക്ലബ് ഫൂട്ട്) ഓപ്പറേഷനില്ലാതെ പരിഹരിച്ച് 100 ശതമാനം വിജയവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പോണ്‍സെറ്റി ടെക്‌നിക് എന്ന നൂതനമായ പ്ലാസ്റ്റര്‍ സംവിധാനത്തോടെയാണ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം ഈ ചികിത്സ നടത്തുന്നത്.
ഇരട്ടക്കുട്ടികള്‍, ഗര്‍ഭാശയ മുഴ, ഫ്‌ളൂയിഡിന്റെ കുറവ്, കുട്ടിക്ക് ഗര്‍ഭാശയത്തില്‍ കിടക്കാനുള്ള സ്ഥലക്കുറവ് എന്നിങ്ങനെ ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്കുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളാണ് കുട്ടികളുടെ കാലിന് ജ•നാ വളവുണ്ടാകാന്‍ പ്രധാന കാരണം. ഗര്‍ഭാവസ്ഥയില്‍ തന്നെ ഈ വളവ് അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ തിരിച്ചറിയാവുന്നതാണ്. കേരളത്തില്‍ ജനിക്കുന്ന കുട്ടികളില്‍ 800ല്‍ ഒരാള്‍ക്ക് ഇങ്ങനെ വളവ് കാണുന്നു. അപൂര്‍വമായി കാലില്‍ ഒരെല്ലില്ലാതെ ജനിക്കുന്ന കുട്ടികളേയും ഈ ചികിത്സയിലൂടെ നേരെയാക്കാന്‍ കഴിയും.
ഒരു കുഞ്ഞ് ജനിച്ച് ഒരാഴ്ച കഴിഞ്ഞാണ് ഈ ചികിത്സാ രീതി ആരംഭിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ നാലോ അഞ്ചോ പ്ലാസ്റ്റര്‍ കൊണ്ട് കുഞ്ഞിന്റെ കാല് നേരെയാക്കാന്‍ കഴിയുന്നു. നേരെയാക്കിയ കാല്‍ വീണ്ടും വളയാതിരിക്കാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ഷൂസ് അഞ്ചുവയസുവരെ രാത്രികാലങ്ങളില്‍ ഇടേണ്ടതാണ്.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യൂര്‍ എന്ന സംഘടനയുമായി സഹകരിച്ചാണ് മെഡിക്കല്‍ കോളേജ് ഈ ചികിത്സ നടപ്പാക്കുന്നത്. ചികിത്സയ്ക്കാവശ്യമായ പ്ലാസ്റ്ററും ഷൂസും സൗജന്യമായി നല്‍കുന്നതും ഈ സംഘടനയാണ്.
പതിനാല് വയസുവരെയുള്ള കുട്ടികളില്‍ ഈ ചികിത്സ നടത്തി വിജയിച്ചിട്ടുണ്ട്. പ്രായം കൂടും തോറും പ്ലാസ്റ്ററിടുന്നതിന് പുറമെ വളരെ ചെറിയ ഒരു ഓപ്പറേഷന്‍ കൂടി വേണ്ടിവരുന്നു. ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. സി.എസ്. വിക്രമന്റെ നേതൃത്വത്തില്‍ ഡോ. ശബരിശ്രീ, ഡോ. ബിനോയ്, ഡോ. സുധീര്‍, ഡോ. ഷാനവാസ് എന്നിവരാണ് ഈ ചികിത്സ നടത്തുന്നത്.
Post Your Comments