ന്യൂഡല്‍ഹി: ജനുവരി 23-ന് രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബ് ഉദ് തഹിരീര്‍ രാജ്യത്തെ 23 കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനിടയുണ്ടെന്നും ബോംബാക്രമണമോ ചാവേറാക്രമണമോ ആയിരിക്കും ഇതെന്നും ഐ.ബി പറയുന്നു. ഇക്കാര്യം പറഞ്ഞ് അവര്‍ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും സേനാ വിഭാഗങ്ങള്‍ക്കും കത്തയച്ചു.
ഐ.ബിയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു ബംഗ്ലാദേശ് മൊബൈല്‍ നമ്പറിലേക്ക് വന്ന ചില സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാന്‍ കാരണമായതെന്നാണ് സൂചന. ഈ മാസം 15-ന് വന്ന സന്ദേശങ്ങളില്‍ ഒന്ന് ‘ഡോക്ടര്‍ മരുന്ന് നല്‍കാനായി വരുന്നു’ എന്നായിരുന്നു. ഇതൊരു കോഡാണെന്നും നേരത്തെ ലഭിച്ച വിവരങ്ങള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ ജനുവരി 23ന് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ഭീകരര്‍ തയ്യാറെടുത്തിരിക്കുന്നു എന്നാണ് കരുതേണ്ടതെന്നും ഐബി അയച്ച കത്തില്‍ പറയുന്നു.
നേരത്തെ ആക്രമണം നടന്ന ഗുര്‍ദാസ്പൂരും പത്താന്‍കോട്ടും തീവ്രവാദികളുടെ ലക്ഷ്യത്തുലുണ്ടെന്ന് ഐ.ബി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് നീങ്ങുന്നതുകൂടി കണക്കിലെടുത്ത് സേനാവിഭാഗങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സേനാ ആസ്ഥാനങ്ങളുടെ സുരക്ഷ പരിശോധിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്നും ഐ.ബി നിര്‍ദ്ദേശിച്ചു.
ഷോപ്പിംഗ് മാളുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാവാം ഭീകരരുടെ ലക്ഷ്യം. ജയ്‌ഷെ, ലഷ്‌കര്‍ പോലുള്ള സംഘടനകളുടെ സഹായത്തോടെയായിരിക്കും ഹിസ്ബ് ഉദ് തഹിരീര്‍ ആക്രമണം നടത്തുകയെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി.
Post Your Comments