ന്യൂഡല്‍ഹി: രണ്ട് ദിവസം മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മഷിയെറിഞ്ഞ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥന്‍ രംഗത്ത്. കെജ്രിവാള്‍ സംസാരിക്കുമ്പോള്‍ വേദിയില്‍ നിന്നും മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രിയുടെ പി.എ തന്നോടാവശ്യപ്പെട്ടെന്നാണ് അന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞത്.
തന്റെ മേലധികാരികളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പല അവസരങ്ങളിലും മുഖ്യമന്ത്രി തന്നെ തനിക്ക് സുരക്ഷയൊന്നും വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്ന് നിരവധി പൊലീസുദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരികളോട് പറഞ്ഞിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലോടെ കെജ്രിവാളിന് നേരെയുണ്ടായ മഷിയേറ് വിവാദം മറ്റൊരു തലത്തിലേക്കെത്തിയിരിക്കുകയാണ്. മഷിയെറിഞ്ഞ ഭാവന അറോറ എന്ന യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
മറ്റാരുടെയെങ്കിലും പ്രേരണ പ്രകാരമാണോ യുവതി ഇത് ചെയ്തതെന്നാണ് പൊലീസ് മുഖ്യമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ സംഭവം അരങ്ങേറിയത്.
Post Your Comments