പാട്‌ന: ബീഹാര്‍ എം.എല്‍.എ ഭര്‍ത്താവിനെ അനധികൃതമായി പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി. ഭരണകക്ഷിയായ ജെ.ഡി.യുവിന്റെ എം.എല്‍.എയായ ബീമാ ഭാരതിയാണ് ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട തന്റെ ഭര്‍ത്താവായ അവധേശ് മണ്ഡലിനെ സ്റ്റേഷനില്‍ അതിക്രമിച്ച് കയറി മോചിപ്പിച്ചത്. ജെ.ഡി.യുവിന്റെ പൂര്‍ണ്ണിയ എം.പി സന്തോഷ് ഖുശ്‌വാഹയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ചഞ്ചല്‍ പാസ്വാന്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയനാണ് അവധേശ്. കോടതിയില്‍ തനിക്കെതിരെ മൊഴി നല്‍കി എന്ന കാരണത്താല്‍ ചഞ്ചലിന്റെ ഭാര്യയേയും രണ്ട് മക്കളേയും ഭീഷണിപ്പെടുത്തിയതിനാണ് അവധേശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി എട്ടേ മുപ്പതോടെ ഭാരതിയും എംപിയും നൂറ്റമ്പതോളം ആളുകളുമായി സ്‌റ്റേഷനിലെത്തി അവധേശിനെ ലോക്കപ്പില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു.
അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസുദ്യോഗസ്ഥരുമായി എം.പി സംസാരിച്ചുകൊണ്ടിരിക്കവേ അവധേശിനെ തന്റെ കാറില്‍ കയറ്റി ഭാരതി ഹര്‍ദ ഭാഗത്തേക്ക് വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. തൊട്ടുപിന്നാലെ എം.പിയും സ്ഥലംവിട്ടു. പൊലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും എം.എല്‍.എയുടെ വാഹനം കണ്ടെത്താനായില്ല. അവധേശിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൂര്‍ണ്ണിയ എസ്.പി നിഷാന്ത് തിവാരി അറിയിച്ചു.
മുന്‍ മന്ത്രി കൂടിയാണ് ഭാരതി. ഇവരുടെ ഭര്‍ത്താവായ അവധേശിനെതിരെ നൂറിലേറെ ക്രിമിനല്‍ കേസുകളാണുള്ളത്.
Post Your Comments